വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടുമോ?എഡിജിപി അജിത്കുമാറിന്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷിക്കാൻ സർക്കാർ ഉത്തരവിറങ്ങി

Written by Taniniram

Published on:

എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവിറക്കിയത്. എഡി.ജി.പിയുടെ കൂടിക്കാഴ്ച ഡിജിപി അന്വേഷിക്കും. നേരത്തെ മുഖ്യമന്ത്രി മുന്നണിയോഗത്തില്‍ ഉറപ്പ് നല്‍കി രണ്ടാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ ഉത്തരവ്.

ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളെ എന്തിന് സന്ദര്‍ശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് വഴങ്ങിയിരിക്കുന്നത്.

ഡിജിപി – ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയും ഡി.ജി.പി അന്വേഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ ഡിജിപിക്ക് ഉത്തരവ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാര്യങ്ങളെ നിയമപരമാക്കാന്‍ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും കോണ്‍ഗ്രസ് പരാതി നല്‍കിയത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ചേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവിയും എത്തി.

Leave a Comment