കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന സിപിഎം നേതാവും തൃശൂര്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ് പ്രതിയാകും.അടുത്തഘട്ടം കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേരുള്‍പ്പെടുത്തും. ജില്ലാസെക്രട്ടറിയായതിനാലാണ് വര്‍ഗീസിനെ പ്രതിയാക്കുന്നത്. കള്ളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡിയുടെ സുപ്രധാന കണ്ടെത്തല്‍. കരിവണ്ണൂരിലെ കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇഡിആരോപിക്കുന്നു. എം എം വര്‍ഗീസിന്റെ പേരിലുള്ള പെറുത്തുശേരിയിലെ ഭൂമി കണ്ടു കെട്ടിയിരുന്നു. സിപിഎമ്മിന്റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു
എന്നാല്‍ ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എംഎം വര്‍ഗീസിന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. വരുന്ന വാര്‍ത്ത ശരിയാണെങ്കില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും വര്‍ഗീസ് പ്രതികരിച്ചു. തന്റെയോ പാര്‍ട്ടിയുടെയോ സ്വത്തുമരവിപ്പിച്ചതായി ഒരു വിവരവും ലഭിച്ചിട്ടില്ല. ഇ ഡിയുടെ ഔദ്യോഗിക വിവരം ലഭിച്ചതിനുശേഷം പ്രതികരണമെന്നും എം എം വര്‍ഗീസ് പറഞ്ഞു. അതിനിടെ കരുവന്നൂരിലെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതില്‍ അധികവും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി.