ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന പ്രമുഖര്‍

Written by Web Desk1

Published on:

കേന്ദ്രമന്ത്രിയും ബിജെപി വനിതാ നേതാവുമായ നിര്‍മല സീതാരാമന്‍ (Nirmala Sitharaman) ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടിയേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി. നാല് മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ വിജയ സാധ്യത കാണുന്നത്. ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയായിരിക്കും ആദ്യം പ്രഖ്യാപിക്കുക.

തിരുവനന്തപുരം : നിര്‍മല സീതാരാമന്‍

കേന്ദ്രമന്ത്രിയും ബിജെപി വനിത നേതാവുമായ നിര്‍മല സീതാരാമന്‍ ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടിയേക്കും. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. തരൂരിനെ നേരിടാന്‍ നിര്‍മലയെ പോലെ ജനപ്രീതിയുള്ള നേതാവ് തന്നെ വേണമെന്നാണ് ബിജെപി വിലയിരുത്തല്‍.

തൃശൂര്‍ ; സുരേഷ് ഗോപി

തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സുരേഷ് ഗോപി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇത്തവണ വളരെ നേരത്തെ തന്നെ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി ബിജെപി അനൗദ്യോഗിക പ്രചരണം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ വിജയസാധ്യത ഏറ്റവും കൂടുതല്‍ ഉള്ള മണ്ഡലമായാണ് ബിജെപി തൃശൂരിനെ കാണുന്നത്.

ആറ്റിങ്ങല്‍: വി.മുരളീധരന്‍

കേന്ദ്രമന്ത്രിയായ വി.മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനാണ് ആറ്റിങ്ങലില്‍ മത്സരിച്ചത്. ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലം കൂടിയാണ് ആറ്റിങ്ങല്‍.

പത്തനംതിട്ട: ഉണ്ണി മുകുന്ദന്‍ / കുമ്മനം രാജശേഖരന്‍

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി പ്രഥമ പരിഗണന നല്‍കുന്നത് സിനിമാ താരം ഉണ്ണി മുകുന്ദനാണ്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ട്. ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ണി മുകുന്ദന്‍ വലിയ ജനപ്രീതി സ്വന്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ ഈ ജനപ്രീതി വോട്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍ സന്നദ്ധനായില്ലെങ്കില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പരിഗണിക്കും.

Related News

Related News

Leave a Comment