തിരുവനന്തപുരം (Thiruvananthapuram) : ലൈംഗിക പീഡനാരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി സിദ്ധിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല ബാബുരാജിനാണ്.
ബാക്കി കാര്യങ്ങൾ എക്‌സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളിൽ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് വ്യക്തമാക്കി.
ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചു. ഇതിന് പിന്നാലെ സിദ്ധിഖിനെതിരെയും യുവനടി ലൈംഗിക പീഡന പരാതിയുമായി എത്തിയത്. യുവനടി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ധിഖ് രാജിക്കത്തയച്ചത്. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.
എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്.