തൃശൂര്‍: പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തിനിടെ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനെത്തി അദ്ദേഹത്തിന് നോട്ടീസ്. വാര്‍ത്താസമ്മേളനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസ് നിരാകരിക്കുകയും അന്‍വര്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കിച്ച ശേഷം വാര്‍ത്താസമ്മേളനം തുടരുകയായിരുന്നു. അന്‍വറിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചശേഷം ഉദ്യോഗസ്ഥന്‍ തിരികെ പോകുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മുന്നണികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചു. വോട്ടര്‍മാര്‍ക്ക് അനധികൃതമായി പണവും മദ്യവും നല്‍കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ചെയ്യുന്നതെന്ന് ഡിഎംകെ നേതാവ് പി വി അന്‍വര്‍ എംഎല്‍എ. ചെറുതുരുത്തിയില്‍ നിന്ന് 25 ലക്ഷം പിടിച്ചു. മുഖ്യമന്ത്രിയുടെ മരുമകന്‍ ക്യാമ്പ് ചെയ്യുന്നയിടത്തുനിന്നാണ് പണം പിടിച്ചെടുത്തതെന്നും പി വി അന്‍വര്‍ പറഞ്ഞു.
കോളനികളില്‍ സ്‌ളിപ്പുകള്‍ കവറിലാക്കിയാണ് നല്‍കുന്നത്. കവറിനുള്ളില്‍ പണമുണ്ട്. ഇടതുമുന്നണിയാണ് പണം കൊടുക്കുന്നത്. പണം മാത്രമല്ല മദ്യവും ഒഴുക്കുന്നത്. കഴിഞ്ഞദിവസം ഒരു സിപിഎം നേതാവും കോണ്‍ഗ്രസ് നേതാവും തന്നോട് ചോദിച്ചു, എന്തിനാണ് കോളനികളില്‍ വെയിലുകൊണ്ട് നടക്കുന്നതെന്ന്. കൊടുക്കേണ്ട സാധനങ്ങള്‍ തലേദിവസം കൊടുക്കുമെന്ന് പറഞ്ഞു. മൂന്ന് മുന്നണികളും പണവും മദ്യവും ഒഴുക്കാനുള്ള നീക്കത്തിലാണ്. ഇലക്ഷന്‍ കമ്മിഷന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്-‘പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.