കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റും സി.പി.ഐ. മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ സ്വത്ത് വകകള്‍ ഇ.ഡി. കണ്ടുകെട്ടി. ഭാസുരാംഗന്റെ ഒരു കോടി രൂപയുടെ ആസ്തിവകകളാണ് ഇ.ഡി. സീല്‍ ചെയ്തത്. ഇതില്‍ സ്വത്ത് വകകളും സ്വര്‍ണവും കാറുമുള്‍പ്പെടയുളളവയുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് ഭാസുരാംഗന്‍. ഭാര്യ ജയകുമാരി, മകന്‍ ജെ.ബി. അഖില്‍ജിത്ത്, അടുത്ത മൂന്ന് ബന്ധുക്കള്‍ എന്നിവരും ഇഡിയുടെ പ്രതിപ്പട്ടികയിലുണ്ട്. രേഖകളില്‍ കൃത്രിമം നടത്തി 3.22 കോടി തട്ടിയെടുത്തെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കണ്ടല സഹകരണ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിക്കു മുഖ്യ കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാസുരാംഗനേയും മകന്‍ അഖില്‍ജിത്തിനേയും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും 59 ദിവസമായി റിമാന്‍ഡിലാണ്. പ്രസിഡന്റായിരുന്ന കാലയളവില്‍ കുടുംബാംഗങ്ങളുടെ പേരിലും സ്വന്തം നിലയിലും വായ്പയെടുത്തതിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടും ഭാംസുരാഗന് എതിരായിരുന്നു. ഇദ്ദേഹത്തിന്റെ കീഴില്‍ വര്‍ഷങ്ങളായി തുടരുന്ന തെറ്റായ രീതിയിലുളള ഭരണം കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ല്‍ നടത്തിയ അന്വേഷണത്തില്‍ നടത്തിയ കണ്ടെത്തല്‍.