ബെംഗളൂരു: ലോറി മനാഫിനും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയുമുളള കു
ടുംബത്തിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഈശ്വര്‍ മാല്‍പെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഇന്നലെ അര്‍ജുന്റെ കുടുംബം നടത്തിയ വിമര്‍ശനങ്ങളോട് ഈശ്വര്‍ മല്‍പെയുടെ പ്രതികരണം.
യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം താന്‍ നടത്തുന്ന ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. അതേസമയം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്‌കൂള്‍ നല്‍കുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അര്‍ജുന്റെ പേരില്‍ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്‌സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം.