ഡ്രൈവർക്ക് വിശ്രമം നൽകി സ്ഥാനാർഥി കെഎസ്‌ആർടിസിയിൽ…

Written by Web Desk1

Published on:

തൃശൂർ (Thrissur) : തൃശൂരി (Thrissur) ൽ നിന്ന് വ്യാഴാഴ്ച രാവിലെ എട്ടോടെ ചേർത്തല (Cherthala) യിലേക്കുള്ള കെഎസ്ആർടിസി ബസി (KSRTC Bus) ലേക്ക് അപ്രതീക്ഷിതമായി ഒരു യാത്രക്കാരൻ ഓടിക്കയറി. ബസ് പുറപ്പെടാറായതിനാൽ സീറ്റും നന്നേ കുറവായിരുന്നു. ഒടുവിൽ ഏറ്റവും പിന്നിലുള്ള സീറ്റിലേക്ക് ഇരുന്ന അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി തൊട്ടടുത്ത സീറ്റിലെ യാത്രക്കാർ. ചിരപരിചിതമായ മുഖമാണെങ്കിലും ഈ തെരഞ്ഞെടുപ്പുകാലത്ത് തിരക്കിനിടയിലും ഇദ്ദേഹം ബസിൽ കയറുന്നത് എന്തിനാണെന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മുഖത്ത്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥായിരുന്നു ആ യാത്രക്കാരൻ.

രണ്ടുമാസത്തോളമായി വിശ്രമമില്ലാതെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ എം കെ അശോകന് വിശ്രമം നൽകുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിന്റെ ഭാഗമായി രണ്ടുമാസമായി രാവിലെ അഞ്ചിനായിരുന്നു യാത്ര ആരംഭിച്ചിരുന്നത്. കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് ദിവസവും വൻ തിരക്കായിരിക്കുമെന്നതിനാൽ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകിവന്നാൽ മതിയെന്നും അതുവരെയുള്ള യാത്ര താൻ നോക്കിക്കോളാം എന്നുമായിരുന്നു അശോകനോട് പൊതുഗതാഗത സംവിധാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സ്ഥാനാർഥി പറഞ്ഞത്. 17 വർഷമായി രവീന്ദ്രനാഥിന്റെ സന്തത സഹചാരിയാണ് അശോകൻ.

ചാലക്കുടിയിലെ ക്ലേരിയൻ കോൺവെന്റിലെ കന്യാസ്ത്രീ സിസ്‌റ്റർ ഹെർമാസിന്റെയും നായരങ്ങാടി തണ്ടാംപറമ്പിൽ ദാസന്റെയും മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ്‌ ബസിൽ പോയത്‌. രാവിലെ തൃശൂർ കേരളവർമ കോളേജിന് സമീപത്തെ വീട്ടിൽനിന്ന് ഓട്ടോയിലാണ്‌ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്‌. അപ്രതീക്ഷിതമായി സ്ഥാനാർഥിയെ കണ്ടതോടെ ആദ്യം അമ്പരപ്പിലായെങ്കിലും പിന്നീട് കുശലാന്വേഷണങ്ങളും രാഷ്ട്രീയം പറച്ചിലുമായി മറ്റുയാത്രക്കാരും ഒപ്പംകൂടി.
ചാലക്കുടിയിൽ മുൻ എംഎൽഎ ബി ഡി ദേവസിയും സിപിഐ എം ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകനും ചേർന്ന് സ്വീകരിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സന്ദർശന സ്ഥലങ്ങളിലേക്ക് എത്തിച്ചത്. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിൽ മണ്ഡലത്തിലെ ചില മരണവീടുകളും മറ്റും സന്ദർശിക്കാനാണ്‌ സി രവീന്ദ്രനാഥ് സമയം കണ്ടെത്തിയത്.

യുഡിഎഫ്‌ സ്ഥാനാർഥി ബെന്നി ബെഹനാൻ വ്യാഴാഴ്‌ച വ്യക്തിപരമായ രീതിയിൽ വോട്ട് അഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണിക്കൃഷ്‌ണൻ മണ്ഡലം ഭാരവാഹികളെ കാണുകയും വ്യക്തിപരായി വോട്ട്‌ തേടുകയും ചെയ്‌തു.

See also  സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, 31 വരെ അപേക്ഷിക്കാം

Related News

Related News

Leave a Comment