കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പിപി ദിവ്യയ്ക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി തള്ളി. ജയിലിലായി പതിനൊന്നാം നാളിലാണ് ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നത്. ഇന്ന് തന്നെ അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് വരും. എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമായ പി.പി.ദിവ്യ. ദിവ്യയെ സിപിഎം കഴിഞ്ഞ ദിവസം എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. ഇതോടെ സാധാരണ പാര്‍ട്ടി അംഗമായി ദിവ്യ. അതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയും തള്ളുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു.
നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്. പിന്നീട് ജാമ്യ ഹര്‍ജി നല്‍കി. ഇതാണ് അനുവദിക്കുന്നത്. ഇതിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അഭിഭാഷകയോട് ആലോചിച്ച് നടപടിയെടുക്കുമെന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞത്.