Saturday, April 5, 2025

ഫെബ്രുവരി 14 മുതല്‍ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം; കുഞ്ഞുങ്ങളുടെ വയറിളക്കം പ്രതിരോധിക്കാനുളള മാര്‍ഗ്ഗങ്ങള്‍ അറിയാം.

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 14 മുതല്‍ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം ആചരിക്കും.വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് (Diarrhea disease in children) വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍. എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വയറിളക്കരോഗമുള്ള കുട്ടികള്‍ക്ക് ഒ.ആര്‍.എസ്., സിങ്ക് ഗുളികകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആര്‍.എസ്, സിങ്ക് ഗുളികകള്‍ എന്നിവ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍. എസ്. എത്തിക്കുകയും അമ്മമാര്‍ക്ക് ബോധവത്ക്കരണം നല്‍കുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ 4 മുതല്‍ 8 പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒ.ആര്‍.എസ്. ലായിനി തയ്യാറാക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് കോര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.

രോഗപ്രതിരോധത്തിനായി കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ സൃഷ്ടിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്‍കുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം സിങ്ക് നല്‍കുന്നത് ശരീരത്തില്‍ നിന്നും ഉണ്ടായ ലവണ നഷ്ടം പരിഹരിക്കുന്നതിനും രോഗം വേഗം ഭേദമാകുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.

കുഞ്ഞുങ്ങള്‍ക്ക് 6 മാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. വയറിളക്ക രോഗമുള്ളപ്പോഴും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതാണ്. 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്ന, കുഞ്ഞുങ്ങള്‍ക്ക് രോഗം ഭേദമായതിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി സാധാരണ നല്‍കുന്നത് കൂടാതെ അധിക തവണ ഭക്ഷണം നല്‍കേണ്ടതാണ്.

See also  കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്.. എന്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചു…സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല, ലഹരിക്കെതിരെ പോരാടുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍

രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗം പ്രതിരോധിക്കുന്നതിനായി വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളില്‍ വയറിളക്ക രോഗം പ്രതിരോധിക്കാം (Diarrhea disease in children)

· 6 മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക.

· പാല്‍ക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.

· പാല്‍ നന്നായി തിളപ്പിച്ച ശേഷം മാത്രം നല്‍കുക.

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കുക.

· ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.

· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

· ആഹാര സാധനങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.

· പഴകിയ ആഹാര പദാര്‍ത്ഥങ്ങള്‍ നല്‍കരുത്.

· ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുന്‍പും കൈകള്‍ നിര്‍ബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.

· കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക

· മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നല്‍കുക.

· മുട്ട വേവിക്കുന്നതിന് മുന്‍പ് നന്നായി കഴുകുക

· വഴിയരികില്‍ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

· കുഞ്ഞുങ്ങളുടെ കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക

· മലമൂത്ര വിസര്‍ജ്ജനം ശുചിമുറിയില്‍ത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.

· മലമൂത്ര വിസര്‍ജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിര്‍ന്നവര്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.

· ഉപയോഗശേഷം ഡയപ്പെറുകള്‍ വലിച്ചെറിയരുത്.

· കുഞ്ഞുങ്ങളുടെ കൈനഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.

· വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങള്‍ ഇടപഴകുന്നത് ഒഴിവാക്കുക.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article