തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസും പരിസരവും ഡെങ്കിയുടെ പിടിയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊതുക് നശീകരണം കൃത്യമായി നടക്കാത്തതിനാൽ രണ്ട് മാസമായി ആശുപത്രിയിലെ വാർഡുകളിലും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും രോഗവ്യാപനം രൂക്ഷമാണ്.
രോഗവ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ച ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനുകീഴിലുള്ള പ്രിവൻഷൻ ഒഫ് എപ്പിഡമിക്ക് ആൻഡ് ഇൻഫെക്ഷൻ ഡിസീസ് സെല്ലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.
മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ പലതും കാടിന് നടുവിലാണ്. കാട് വെട്ടി തളിക്കാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ പെൺകുട്ടികളുടെ ഹോസ്റ്റൽ പരിസരവും വളരെ മോശം അവസ്ഥയിലാണ്.
രോഗവ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാസം ഡെന്റൽ കോളേജിൽ ഉൾപ്പെടെ ഒന്നാം വർഷ ക്ലാസുകൾ നിറുത്തിവച്ചിരുന്നു. എന്നാൽ അവധി നൽകിയതല്ലാതെ ശുചീകരണമോ മറ്റ് മുൻകരുതലുകളോ ഉണ്ടായില്ല.ഡെന്റൽ കോളേജിൽ ഡെങ്കിപ്പനി ബാധിച്ച അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുറവില്ല.
ഡെങ്കി നിസ്സാരമായി കണ്ടതിനാൽ ഡെന്റൽ കോളേജിലെ ഓറൽ പത്തോളജി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥി മുംതാസിന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടു.
ഗർഭിണിയായ മുംതാസിന് ഡെങ്കിപ്പനി ഗുരുതരമായി മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. എസ്.എ.ടി ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ഡെങ്കി വ്യാപനം; പി ജി ഡോക്ടറുടെ ജീവൻ നഷ്ടമായി
Written by Taniniram Desk
Published on: