ആറു പേർക്ക് ജീവൻ പകർന്ന് ഡാലിയ ടീച്ചർ യാത്രയായി; ടീച്ചറുടെ ഹൃദയം ഇനി തൃശൂർ ചാവക്കാട് സ്വദേശിയായ പെൺകുട്ടിയിൽ സ്പന്ദിക്കും

Written by Taniniram

Updated on:

വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും പകര്‍ന്ന അധ്യാപികയായ ബി ഡാലിയ ടീച്ചര്‍ (47) ആറു പേര്‍ക്ക് ജീവനും വെളിച്ചവും പകര്‍ന്ന് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ച ടീച്ചറുടെ ഹൃദയം അടക്കം ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ടീച്ചറുടെ ഹൃദയം തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ 14കാരിയായ പെണ്‍കുട്ടിയില്‍ സ്പന്ദിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവച്ചത്.

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയയാണ് ഇന്നലെ നടന്നത്. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചര്‍ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടീച്ചറുടെ അന്ത്യം.അവിടെ നിന്നും ഇന്നലെ രാവിലെ 11.30നാണ് അവയവം ശ്രീചിത്രയില്‍ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം ശ്രീചിത്രയിലെത്തിച്ചത്. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) വഴിയാണ് അവയവ വിന്യാസം നടത്തിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും ഡാലിയ ടീച്ചര്‍ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികള്‍ക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

ജൂലായ് 19ന് വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡാലിയ ടീച്ചറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജലസേചന വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ ഭര്‍ത്താവ് ജെ. ശ്രീകുമാറും മക്കളായ ശ്രീദേവന്‍, ശ്രീദത്തന്‍ എന്നിവരും ചേര്‍ന്ന് അവയവദാനത്തിന് സമ്മതം നല്‍കി.

See also  തൃശൂരിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനെത്തിയപ്പോൾ യുവാവ് കിടപ്പുമുറിയിൽ ജീവനൊടുക്കി

Related News

Related News

Leave a Comment