തമിഴകത്തിന്റെ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി അറിയിച്ചത്. ഒപ്പം താൻ നേതൃത്വം നൽകുന്ന ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിയുടെ പ്രഖ്യാപനവും നടത്തി. തങ്ങളുടെ പ്രിയതാരത്തിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതായിരുന്നില്ല. അതിനുള്ള കാരണം വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്നതല്ല, മറിച്ച് ഈ ടൈറ്റിൽ ഇനി സ്‌ക്രീനിൽ കാണാൻ കഴിയില്ല എന്നത് കൊണ്ട് മാത്രമാണ്.
രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ്, സിനിമ രംഗത്ത് നിന്ന് വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയും ഇന്നലെ സോഷ്യൽ മീഡിയയിലൂടെ നൽകി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഒരു സിനിമ കൂടി അഭിനയിക്കും. ശേഷം രാഷ്ട്രീയ ജീവിതം.
തമിഴിലെ മറ്റു നടന്മാർ പൊങ്കലിനും ദീപാവലിക്കും റിലീസുകൾ പ്രഖ്യാപിക്കുമ്പോൾ, വിജയ് ചിത്രം എന്ന് റിലീസ് ചെയ്യുന്നുവോ അതാണ് അവർക്ക് പൊങ്കലും ദീപാവലിയും എന്ന് തന്നെ പറയാം. അയാളുടെ സിനിമ എന്ന് പറയുമ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് കഥയോ വലിയ ക്യാൻവാസോ ഒന്നുമല്ല, രണ്ടര മണിക്കൂർ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന തങ്ങളുടെ പ്രിയതാരത്തിന്റെ പെർഫോമൻസ് ആണ്. ആ പ്രതീക്ഷയോട് നീതി പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞാൽ മതി, ബോക്സോഫീസ് റെക്കോർഡുകളെല്ലാം പിന്നെ വായ്പ്പേച്ച് മാത്രം.
അങ്ങനെ നോക്കിയാൽ സിനിമാ അഭിനയം അവസാനിപ്പിക്കുന്നു എന്ന വിജയ്‌യുടെ പ്രഖ്യാപനം അത് ബോക്സോഫീസിന്റെ കൂടി തീരാനഷ്ടം തന്നെയാണ്. ആ നഷ്ടം, അത് തമിഴകത്ത് മാത്രം ഒതുങ്ങുന്നതുമല്ല. ഇങ്ങ് കേരളാ ബോക്സോഫീസിനെയും തളർത്തും. കാരണം അയാൾ കേരളത്തിന്റെ ദത്ത് പുത്രൻ കൂടിയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ കേരളാ ബോക്സോഫീസ് കളക്ഷനുകൾ മാത്രം നോക്കിയാൽ മതി, വിജയ് കേരളത്തിലെ തിയേറ്ററുകൾക്ക് നൽകിയ ഉണർവ് എന്തെന്ന് മനസിലാക്കാൻ. 2019ൽ അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗിൽ എന്ന സിനിമ തന്നെ ഉദാഹരണമായെടുക്കാം. റിലീസ് ദിനത്തിൽ 308 ഫാൻസ് ഷോകൾ പ്രദർശിപ്പിച്ച സിനിമ അഞ്ച് കോടിയോളം രൂപയാണ് ഓപ്പണിങ് ഡേ കളക്ഷനായി നേടിയത്.
ബിഗിലിന് ശേഷം വിജയ്‍യുടെതായി റിലീസ് ചെയ്ത ചിത്രം മാസ്റ്ററായിരുന്നു. കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ട് നിന്ന സമയം മലയാളത്തിലെ തന്നെ മുൻനിര താരങ്ങൾ, തങ്ങളുടെ സിനിമകൾ ഒടിടിക്ക് നൽകിയപ്പോൾ, മാസ്റ്റർ മലയാളി പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലെത്തിച്ചു. 50 % ഒക്യുപെന്സിയിൽ സിനിമ 2.10 കോടി ഫസ്റ്റ് ഡേ കളക്ഷനും 19.80 കോടി ടോട്ടൽ കളക്ഷനും നേടി.
മാസ്റ്ററിന് ശേഷം നെൽസൺ ദിലീപ്കുമാറിനൊപ്പമായിരുന്നു വിജയ്‌യുടെ അടുത്ത ചിത്രം അനൗൺസ് ചെയ്തത്. 2022 ൽ ബീസ്റ്റ് റിലീസ് ചെയ്യുമ്പോൾ ബോക്സ്ഓഫീസിൽ എതിരാളിയായി ഉണ്ടായിരുന്നതാകട്ടെ സാക്ഷാൽ റോക്കി ഭായ്. എന്നാൽ അവിടെയും വിജയ് തന്റെ പവർ കാണിച്ചു. 421 ഫാൻസ് ഷോകളാണ് ആദ്യ ദിനത്തിൽ ബീസ്റ്റിന്റേതായി ഉണ്ടായത്. ആറര കോടിയിലധികം ഇതിലൂടെ ആദ്യ ദിനത്തിൽ സിനിമ നേടി. ഇപ്പോഴും കേരളത്തിലെ ആദ്യ ദിന റെക്കോർഡുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ദളപതിയുടെ ബീസ്റ്റ് ഉണ്ട്.
അത്ര ഹൈപ്പില്ലാതെയും 50% ഒക്യുപെന്സിയിലും പുറത്തിറങ്ങിയ വിജയ് സിനിമകൾക്ക് ഇത്രത്തോളം നേടാമെങ്കിൽ ഒരു വിജയ് ചിത്രം വമ്പൻ ഹൈപ്പിൽ വന്നാലോ? അതാണ് ലിയോയിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. ലോകേഷ് കനകരാജ് എന്ന ബ്രാൻഡും മലയാളികളുടെ സ്വന്തമായ ദളപതിയും വീണ്ടും ഒന്നിച്ചപ്പോൾ ആരാധകർക്ക് അത് ഇരട്ടി ആവേശമായി. ആ ആവേശം ഫാൻസ് ഷോയുടെ എണ്ണത്തിൽ തന്നെ പ്രകടമായിരുന്നു. 425 ഫാൻസ് ഷോകളാണ് ലിയോയ്ക്ക് ഉണ്ടായിരുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ശേഷം കേരളം കണ്ട റെക്കോർഡ് ഫാൻസ് ഷോസ്.
ഇത്രത്തോളം ഫാൻസ് ഷോകൾ തന്നെ ഉണ്ടാകുമ്പോൾ ഫസ്റ്റ് ഡേ കളക്ഷനും നിസാരമല്ലായിരുന്നു. ആദ്യ ദിനത്തിൽ 12 കോടിയാണ് മലയാളികൾ തങ്ങളുടെ ദത്ത് പുത്രന് നൽകിയത്. അതായത് കേരളത്തിൽ നിന്ന് ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന സിനിമ ഒരു തമിഴ് ചിത്രമായി. അതുകൊണ്ടും തീർന്നില്ല, സിനിമ കേരളത്തിൽ നിന്ന് ആകെ നേടിയത് 60 കോടിയിൽ അധികം രൂപയാണ്.
ഇനി വരുന്ന വിജയ് ചിത്രങ്ങൾക്കും ഇതുവരെ ഉണ്ടായിരുന്ന ആരവങ്ങളും ആഘോഷങ്ങളും ബോക്സ് ഓഫീസ് റെക്കോർഡുകളും ഉണ്ടാകുമെന്നതിൽ തർക്കമില്ല, കാരണം വിജയ് എന്ന ബ്രാൻഡ് അത്രത്തോളം ആരാധകരെ സ്വാധീനിച്ചു. എന്നാൽ തന്റെ 69 -മത് ചിത്രം കൂടി കഴിഞ്ഞാൽ തന്റെ ആരാധകർക്കായി ദളപതി ഇനി വെള്ളിത്തിരയിലെത്തില്ല, ബോക്സ് ഓഫീസ് രക്ഷകന്റെ മറ്റൊരവതാരം ഇനി ഉണ്ടാകില്ല.
ഭാഷയുടെ അതിർവരമ്പുകൾക്കുമപ്പുറം തന്നെ സ്നേഹിച്ചവരുടെ ഹൃദയത്തിൽ കുടി കൊണ്ട, അവരുടെ അണ്ണനായ, ദളപതി ഇനി മക്കളുടെ ഉറച്ച ശബ്ദമായി തമിഴ് രാഷ്ട്രീയത്തിൻ്റെ ദളപതി കൂടിയാവുകയാണ്.