കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്മന്ത്രിമാര്‍ കൊച്ചിയിലേക്ക്, 4പേരുടെ നില ഗുരുതരം

Written by Taniniram

Published on:

കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആര്‍ ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതായി ഇരുവരും വ്യക്തമാക്കി.

കളമശ്ശേരി കുസാറ്റ് സര്‍വകലാശാല ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികളാണ് മരിച്ചത്. കുസാറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദാരുണ സംഭവം. 64 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേള്‍ക്കാന്‍ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികള്‍ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.

നാല് വിദ്യാര്‍ഥികള്‍ മരിച്ചതില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്.

വ്യവസായ മന്ത്രി പി. രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. ഇവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കുസാറ്റിലെ ദുരന്തത്തില്‍ ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

See also  നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്‌പിന്‌ പിന്നാലെ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു;

Related News

Related News

Leave a Comment