തിരുവനന്തപുരം (Thiruvananthapuram) : ഉന്നതകുലജാതൻ ആദിവാസി ക്ഷേമവകുപ്പിന്റെ മന്ത്രിയാകണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. (Dalit activist Sunny M Kapikad has opposed Union Minister of State Suresh Gopi’s remark that an upper caste should become the Minister of Tribal Welfare.) ഉന്നതകുലജാതർക്ക് വേണ്ടി പ്രത്യേക ഡിപ്പാർട്ടുമെന്റുകളോ വകുപ്പുകളോ ഇല്ലെന്ന കാര്യം സുരേഷ് ഗോപിക്ക് അറിയില്ലേ എന്ന് സണ്ണി എം കപിക്കാട് ചോദിച്ചു. ഇതൊന്നും അറിയാത്ത കേന്ദ്രമന്ത്രി പൊട്ടനാണോ എന്നും അദ്ദേഹം വിമർശിച്ചു. ഒരു സ്വകാര്യചാനലിനോടായിരുന്നു സണ്ണിയുടെ പ്രതികരണം.
സുരേഷ് ഗോപിയുടെ വ്യക്തിപരമായുള്ള ജീർണതയുടെ ഒരു പ്രശ്നമായിട്ടാണ് ഇത് ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിൽ എമ്പാടും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെയും ദർശനത്തിന്റെയും ഒരു പ്രചാരകൻ മാത്രമാണ് ഈ സുരേഷ് ഗോപി എന്ന മനുഷ്യൻ. അദ്ദേഹം പറഞ്ഞൊരു കാര്യം ട്രൈബൽ ഡിപ്പാർട്ടുമെന്റിന്റെ ഭരണം സുഖമമാക്കാൻ ഉന്നതകുലജാതർ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. എന്നിട്ട് അക്കാര്യം സദുദ്ദേശ്യത്തോടെയാണ് പറഞ്ഞതെന്ന് പറയുന്നു.
ഈ കേന്ദ്രമന്ത്രി സുരേഷ് ഗോപി മനസിലാക്കേണ്ട കാര്യം, അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്താണെന്നതല്ല. ഇവിടുത്തെ വിഷയം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ഉന്നതകുലജാതരും നികൃഷ്ട കുലജാതരും ഇല്ല. ഇവിടെ തുല്യാവകാശമുള്ള പൗരന്മാരാണുള്ളത്. ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യപൗരരെന്ന രാഷ്ട്രമെന്ന സങ്കൽപം സുരേഷ് ഗോപി അംഗീകരിക്കുന്നുണ്ടോ, ഇല്ലയോ? എന്നതാണ് ചോദ്യം.
സുരേഷ് ഗോപി അത് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇവിടെ ഇപ്പോഴും ഉന്നതകുലജാതർ ഉണ്ടെന്ന് അദ്ദേഹം കരുതുന്നു. ഈ ഉന്നതകുലജാതർ വന്ന് ആദിവാസികളുടെ കാര്യം നോക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സുരേഷ് ഗോപി വർഷങ്ങളായി ട്രൈബർ വകുപ്പ് എനിക്ക് തരൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണത്രേ. ആദിവാസികളേക്കാൾ ഉന്നതകുലജാതനാണെന്ന് സ്വയം കരുതിയിട്ടാണ് ഈ കാര്യം സ്വയം ചെയ്യുന്നത്. ഇത്തരം ഉദാരവാദികളല്ല ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത്.
ആദിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യൻ ഭരണഘടന ഒരു സംവിധാനം ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്.ഉന്നതകുലജാതർക്ക് വേണ്ടി ഒരു ഡിപ്പാർട്ട്‌മെന്റുണ്ടോ ഇന്ത്യയിൽ. ഇയാൾ എന്തൊരു പൊട്ടനാണ്. ഉന്നതകുലജാതർക്കോ, സവർണ്ണർക്കോ വേണ്ടി പ്രത്യേക ഡിപ്പാർട്ടുമെന്റുകളോ വകുപ്പുകളോ ഇന്ത്യാ ഗവർൺമെന്റിന് ഇല്ലെന്ന അറിയാൻ പാടില്ലാത്ത വിഡ്ഢിത്തപൂർണമായ ഒരു വാക്കാണ് അയാൾ പറഞ്ഞത്. ഇന്ത്യൻ ഭരണഘടന നിരോധിച്ചിട്ടുള്ളതാണ് ഈ വാക്കുകളൊക്കെ. ഇത്തരം വാക്കുകളൊന്നും ഉപയോഗിക്കാൻ പാടില്ലെന്ന് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്’.