സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. കാലാവധി നീട്ടിക്കിട്ടാൻ വേണ്ടി ഉദ്യോഗാർത്ഥികൾ ചെയ്യാത്ത സമരമുറകളില്ല. 61 ദിവസം നീണ്ടുനിന്ന സമരം വൃഥാവിലായി. 9946 പേരുടെ ജീവിതം തുലാസിലായി. എന്നിട്ടും സർക്കാരിന്റെ കണ്ണ് തുറക്കുന്നില്ല. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ പൊരിവെയിലിൽ പട്ടിണി കിടന്നും മണ്ണും പുല്ലും തിന്നും മുട്ടിന്മേലിഴഞ്ഞും തല മുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം നടത്തിയും ഒട്ടേറെ സമരം നടത്തിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല.
സിവിൽ പോലീസ് ഓഫീസർമാരുടെ (സി പി ഒ) റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞു. ഏഴു ബറ്റാലിയനുകളിലായി 13975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് കഴിഞ്ഞ വര്ഷം ഏപ്രിൽ 13നാണു. ഇതുവരെ പി എസ് സി അഡ്വൈസ് മെമ്മോ നൽകിയത് 4029 പേർക്ക് മാത്രമാണ്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പോലീസ് സേനയിലേക്ക് അവസരവുമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി എസ് സിക്കു റിപ്പോർട്ട് ചെയ്യാത്തതെന്നു ഉദ്യോഗാർത്ഥികൾ പറയുന്നു.
തൊഴിൽ തേടുന്ന നമ്മുടെ യുവാക്കളുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതായിരുന്നില്ല ഉദ്യോഗാർത്ഥികൾ നടത്തിയ സമരം, എന്നാൽ നിസ്സഹായരെങ്കിലും അർഹതപ്പെട്ട ജോലിക്കു വണ്ടി പൊരിവെയിലിലും സമരം നടത്തിയ ഉദ്യോഗാർത്ഥികളെ കാണാൻ പോലും കൂട്ടാക്കാത്ത ഭരണകർത്താക്കൾ അവരെ പരിഹസിക്കുകയാണ് ചെയ്തത്. സമരത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയെ കാണാൻ ഇവർക്ക് അവസരം കിട്ടിയില്ല.
വോട്ടു ചോദിക്കുന്നതിനിടയിലും അധികാരത്തിന്റെ ആഘോഷത്തിനിടയിലും നമ്മുടെ പല രാഷ്ട്രീയ കക്ഷികളും തൊഴിലില്ലായ്മ എന്ന ഗുരുതരപ്രശ്ന൦ കാണാതിരുന്നത് അനീതിയാണ്. സർക്കാർ വിലാസം പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുമ്പോൾ ജോലി കാത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കരുണ കാത്തിരിക്കുന്നവരുടെ എണ്ണം ഇവിടെ വർഷംതോറും മൂന്നു ലക്ഷം വീതമാണ് വർധിക്കുന്നത്. യുവജനതയുടെ വോട്ടു തേടുന്നവർ അവരുടെ തൊഴിൽ സ്വപ്‌നങ്ങൾ കൂടി തിരിച്ചറിയണം. അധികാരത്തിലേറിയാൽ ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കൂടെയുണ്ടാവണം. പൊള്ളയായ വാഗ്ദാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന് ചുവരെഴുത്തു മനസ്സിലാക്കുകയും വേണം. മാനുഷികതയെ മുൻനിറുത്തി റാങ്ക് ലിസ്റ്റ് നീട്ടാനുള്ള തീരുമാനമുണ്ടായാലേ ആ ഉദ്യോഗാർത്ഥികൾ ഇതിനകം അനുഭവിച്ച കൊടിയ അവഗണനയ്ക്കുള്ള ഉചിത പ്രായശ്ചിത്തമാകൂ. സർ അതിനു ശ്രമിക്കുമെന്ന് വിശ്വസിക്കുകയാണ്.