പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവവോട്ടർമാരെ ആകർഷിക്കാൻ വിവിധ തലങ്ങളിൽ പാർട്ടി രണ്ടുമാസം മുൻപ് ആരംഭിച്ച സമൂഹമാധ്യമ കൂട്ടായ്മകൾക്കു ലക്ഷ്യം നേടാനായില്ലെന്നു സിപിഎമ്മിൽ വിലയിരുത്തൽ.
വാട്സാപ്പിലും ഫെയ്സ്ബുക്കിലും നിന്നുതിരിയാതെ ചെറുപ്പക്കാരെ അടുപ്പിക്കാൻ എക്സിലും (ട്വിറ്റർ), ടെലിഗ്രാമിലും വ്യാപക പ്രചാരണത്തിനും പാർട്ടി തീരുമാനിച്ചു. കന്നിവോട്ടർമാരെ ലക്ഷ്യമിട്ടു പ്രത്യേക ഗ്രൂപ്പ് ആരംഭിക്കാൻ വോട്ടർപട്ടിക അടിസ്ഥാനമാക്കി അവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
പ്രഫഷനലുകൾ മുഖേന, സമൂഹമാധ്യമങ്ങളിൽ ബിജെപി 30 വയസ്സിനു താഴെയുള്ളവർക്കിടയിൽ ഉണ്ടാക്കുന്ന മേൽക്കൈ ഗൗരവത്തിലെടുത്ത്, ജാഗ്രത പുലർത്താനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസും മേഖലയിൽ മികച്ചരീതിയിൽ മുന്നേറുന്നതായാണു നിരീക്ഷണം.
കക്ഷിരാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി പ്രതികരിച്ച്, വിശകലനം ചെയ്യുന്ന യുവാക്കൾക്കിടയിൽ പാർട്ടി നയവുമായല്ല, അവർക്കു താൽപര്യമുള്ള വിഷയങ്ങളിലൂടെ ആവർത്തിച്ചു കടന്നുചെന്ന് ഒപ്പംനിർത്താനാണു പ്രവർത്തകർക്കുള്ള നിർദേശം. തിരഞ്ഞെടുപ്പിന്റെ സമൂഹമാധ്യമ പ്രചാരണം വിലയിരുത്തിയ നേതൃയോഗം ഈ മാസത്തോടെ എക്സ്, ടെലിഗ്രാം എന്നിവയിൽ ഉൾപ്പെടെ മുന്നിലെത്താനുള്ള തന്ത്രങ്ങൾക്കു രൂപം നൽകി.