മൂന്ന് മുന്നണികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ പ്രസ്താവനകള്‍ തിരിച്ചടിയായേക്കുമെന്ന് ഭയന്ന് സിപിഎം. സരിന്‍ നടത്തിയ ക്രോസ് വോട്ട് പ്രസ്താവനയില്‍ ഇടപെട്ട് സിപിഎം. വിവാദ പ്രസ്താവനകള്‍ വേണ്ടെന്നാണ് സിപിഎം നിര്‍ദ്ദേശമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഹയാത്രികരുടെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു ലഭിച്ചുവന്ന സരിന്റെ ആവര്‍ത്തിച്ചുളള പ്രസ്താവന ഇടതമുന്നണിയില്‍ ചര്‍ച്ചയായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എല്‍ഡിഎഫ് വോട്ട് അന്ന് കോണ്‍ഗ്രസിന് ലഭിച്ചതെന്നും അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുപോലും അതില്‍ കുറ്റബോധം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നുമാണ് സരിന്‍ ഇന്നലെ പറഞ്ഞത്. അന്നത്തെ സ്ഥാനാര്‍ഥി അഡ്വ.സി.പി.പ്രമോദിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.
പാർട്ടി നിർദേശത്തോടെ, എൽഡിഎഫിന് കിട്ടേണ്ട മതേതരവോട്ടുകൾ ഷാഫി കുബുദ്ധിയിലൂടെ സ്വന്തമാക്കിയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് സരിൻ പിന്നീട് വിശദീകരിച്ചു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായതിനാൽ ചിലവാക്കുകൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ച് എതിരാളികൾ വൻ പ്രചാരണം നൽകുമെന്നതിനാൽ പ്രസ്താവനകളിൽ അതീവജാഗ്രത വേണമെന്നാണ് സിപിഎം നിർദേശം. ഇടക്കിടക്കുളള വിശദീകരണങ്ങളിലും പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.