പാലക്കാട് : ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിനു പരിഗണിക്കാറുള്ള പല ഘടകങ്ങളും വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സിപിഎം തയാറെടുക്കുന്നു. ദേശീയതലത്തിൽ പാർട്ടിയുടെ സ്വാധീനവും പ്രസക്തിയും ഉറപ്പാക്കാനും അത് അതാവശ്യമാണ്. പാർട്ടി വർഷങ്ങളായി അടക്കി ഭരിച്ചിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ അമിത പ്രതീക്ഷ പാർട്ടിക്കില്ല.
ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിൽ രണ്ടു സീറ്റിൽ വിജയിക്കുമെന്നാണു കണക്കുകൂട്ടൽ. തെലങ്കാനയിൽ ഒരു സീറ്റിൽ മത്സരിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നു പരമാവധി എംപിമാർ എന്ന ലക്ഷ്യത്തിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകുന്നത്. അതിനു ചില നീക്കുപോക്കുകൾ ആവശ്യമെന്നു നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണത്തിലും അതു പ്രതിഫലിക്കും. മുതിർന്ന നേതാക്കളിൽ ചിലരുൾപ്പെടെ സ്ഥാനാർത്ഥികളാകുമെന്നാണു ഊഹാപോഹം.
പിബി അംഗം എ.വിജയരാഘവൻ, മുൻ മന്ത്രിമാരായ കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.എം.തോമസ് ഐസക്, എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. മത്സരത്തിനില്ലെന്ന നിലപാടിലാണു ഇവരിൽ ചിലരെങ്കിലും പാർട്ടി തീരുമാനത്തിനു വഴിപ്പെടേണ്ടിവരും. പ്രമുഖരെ അടക്കം രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനാണു നീക്കം. ഒരു സീറ്റെങ്കിൽ ഒരു സീറ്റ് അധികം പിടിക്കുക മാത്രമാണു ലക്ഷ്യം.