തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെതിരെ സംഘടനാ നടപടി എടുക്കുക പാര്‍ട്ടി കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മറ്റി അംഗമായതു കൊണ്ട് കേരളത്തിലെ നേതൃത്വത്തിന് സംഘടനാ പരമായ നടപടി എടുക്കുന്നതിന് പരിമിതിയുണ്ട്. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പിയെ മാറ്റും. ഇപിയ്ക്ക് സ്വയം സ്ഥാനമൊഴിയാനുള്ള അവസരം ഒരുക്കുന്നുണ്ട്. പുതിയ ഇടതു കണ്‍വീനറായി എ. കെ ബാലന്‍. എ. വിജയ രാഘവന്‍ എന്നിവരില്‍ ഒരാളെ നിയോഗിച്ചേക്കും. ഏതായാലും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തിയത് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാത്തത് ജയരാജന്റെ (EP Jayarajan) ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. കേന്ദ്ര കമ്മറ്റിയില്‍ നിന്നും ജയരാജനെ ഒഴിവാക്കും.
ഇ.പിയെ പാര്‍ട്ടി പ്രകോപിക്കില്ല
എന്നാല്‍ പാര്‍ട്ടി നടപടികള്‍ക്ക് ജയരാജന്‍ നിന്നു കൊടുക്കില്ലെന്ന സൂചനയും പുറത്തു വരുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും അവധി എടുക്കുന്നതും സ്ഥാനമെല്ലാം രാജിവയ്ക്കുന്നതും ജയരാജന്റെ പരിഗണനയിലുണ്ട്. തന്റെ കൂട്ടുകെട്ട് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ ശാസന ഇ.പിയെ വേദനിപ്പിച്ചിട്ടുണ്ട്. തന്നെക്കാള്‍ മോശം കൂട്ടുകെട്ടുള്ളവര്‍ സി.പി.എമ്മില്‍ ഉണ്ടെന്നായിരുന്നു ഇ.പി പലരോടും പ്രതികരിക്കുന്നത്. താന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാവരുമായി അടുത്തെന്നും ആ തന്നെ മോശക്കാരനാക്കിയത് ശരിയായില്ലെന്നും ഇ.പി നിലപാട് എടുത്തിട്ടുണ്ട്. തല്‍കാലം പരസ്യ പ്രതികരണം നടത്തില്ല. ഇ പിയെ പ്രകോപിപ്പിക്കുന്ന വിശദീകരണം ഇനി നേതൃത്വവും പരസ്യമായി നടത്തില്ല.
പരാതി കേന്ദ്രനേതൃത്വം പരിശോധിക്കും
ഇ.പിയ്ക്കെതിരെയുള്ള പരാതികള്‍ എല്ലാം ദേശീയ നേതൃത്വത്തിന് കേരള ഘടകം കൈമാറും. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ ബി.ജെ.പിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍- ഇ.പി ജയരാജന്‍ കൂടിക്കാഴ്ചയും യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അതുകൊണ്ടു തന്നെ കരുതലോടെയാകും നേതൃത്വം വിഷയത്തെ സമീപിക്കുക.
സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സി.പി.എമ്മുമായി ഉടക്കി നിന്ന ജയരാജന്‍ ഈസമയത്ത് സമാന്തരമായി ബി.ജെ.പി കേന്ദ്രനേതാക്കളുമായി നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ ഒന്നിന് പിറകേ ഒന്നായി തുറന്നടിച്ചത്. ഏതെങ്കിലും നേതാവിനെ കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് ഇ.പി. ജയരാജനെ അക്കാര്യത്തില്‍ പിന്തുണച്ച മുഖ്യമന്ത്രി പക്ഷേ ദല്ലാള്‍ ബന്ധത്തിനെതിരെ കണക്കിന് പ്രഹരിച്ചു. എന്നാല്‍ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കാത്തത് ഗൗരവത്തോടെ സി.പി.എമ്മിലെ മറ്റൊരു വിഭാഗം കാണുന്നു. നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇ.പി ജയരാജനെതിരെ (EP Jayarajan) പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍ ഇനി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത തരത്തിലെ വിവാദമായി പുതിയ ചര്‍ച്ച മാറിയിട്ടുണ്ട്.