എസ്. ബി. മധു
കൊല്ലം : സി.പി.ഐ(എം) സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടിതലത്തിൽ എന്തൊക്കെ മാറ്റങ്ങളാവും വരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പതിവിലും വിപരീതമായി ,വരുന്ന തെരഞ്ഞെടുപ്പിലും പിണറായി തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക എന്ന് പാർട്ടി സെക്രട്ടറി പ്രസ്താവിച്ചു കഴിഞ്ഞു. എഴുപത്തഞ്ചു തികഞ്ഞവരെ ഒഴിവാക്കുമെന്ന നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവു നൽകുമെന്ന് സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതും ഇപ്പോൾ ഏറെ ചർച്ചയാണ്.
കേന്ദ്ര സംസ്ഥാന വിഷയങ്ങൾ ഉൾപ്പെടുത്തി കൂലംകുഷമായ ചർച്ച നടക്കുമെങ്കിലും സംഘടനാരംഗത്തെ പ്രധാനപ്പെട്ടൊരു വിഷയത്തിൽ പാർട്ടി കോൺഗ്രസിന് ശേഷമേ തീരുമാനമാവൂ . സി.പി.എം ഭരണഘടന അനുസരിച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണം ഉണ്ടാവില്ലയെന്നാണ് സൂചന .
. എന്നാൽ മധുരയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ നിലവിലെ ഭരണഘടന ഭേദഗതി ചെയ്തേയ്ക്കും . ഇതുപ്രകാരം ഇനിമുതൽ സംസ്ഥാനങ്ങളിൽ അസിസ്റ്റന്റ് സെക്രട്ടറിമാരെ കൂടി തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചേക്കും. നിലവിൽ ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സി.പി.ഐയ്ക്ക് രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരുണ്ട് എന്നതും ഇതോടൊപ്പം ചേർത്ത് വായിയ്ക്കേണ്ടതാണ്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സെക്രട്ടറിയേറ് അംഗങ്ങളിൽ ഭൂരിഭാഗവും മലബാറിൽ നിന്നാണെന്ന പരാതി മധ്യ കേരളത്തിലെയും തെക്കൻ കേരളത്തിലെയും അണികൾക്കിടയിൽ പരക്കെയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ്കൊല്ലം സമ്മേളനം തെരഞ്ഞെടുക്കുന്ന സംസ്ഥാന കമ്മിറ്റിയ്ക്ക് രണ്ടു അസിസ്റ്റന്റ് സെക്രട്ടറി പദവി എന്ന തീരുമാനത്തിന് സാധ്യതയെന്നറിയുന്നു. അങ്ങനെ വന്നാൽ ന്യുനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് പേർക്കായിരിക്കും നറുക്ക് വീഴുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
സമ്മേളനത്തിൽ ഇ.പി വിഷയം , പി.പി ദിവ്യ , വെറ്റിനറി കോളെജിലെ സിദ്ധാർത്ഥിൻ്റെ മരണം, ഇന്ത്യയിൽ ഫാസിസമില്ലെന്ന കരടു പ്രമേയം എന്നിവ ചൂടേറിയ ചർച്ചയ്ക്ക് വഴി മരുന്നിടും . എന്തായാലും രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാർ വരുന്നത് താഴെത്തട്ടിൽ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.