തിരുവനന്തപുരം: നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസിനെ തടഞ്ഞിട്ട് മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും ചോദ്യം ചെയ്തതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരാനുള്ള സാധ്യത ഉണ്ടായിട്ടും മേയര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വിശദീകരണമാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്. പോലീസ് ലഹരി പരിശോധനയ്ക്കും കെ എസ് ആര്‍ ടി സി ഡ്രൈവറെ പോലീസ് വിധേയമാക്കിയിരുന്നു. ഇതിന് ശേഷവും ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്ന ആരോപണം ഉന്നയിച്ചതും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കിയെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒഴിവാക്കേണ്ട വിവാദമാണ് ഉണ്ടായതെന്നാണ് പൊതുവേയുള്ള ആരോപണം.
അസഭ്യമായ ആംഗ്യം കാണിച്ചെങ്കില്‍ അപ്പോള്‍ തന്നെ പോലീസിനെ ഫോണില്‍ അറിയിക്കാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ കാര്‍ റോഡിന് കുറകെ ഇട്ടത് നിയമ ലംഘനമാണ്. മേയര്‍ ആയതു കൊണ്ട് തന്നെ സിപിഎമ്മിന് തളളി പറയാനും കഴിയുന്നില്ല. അങ്ങനെ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും ഈ സംഭവത്തില്‍ വെട്ടിലായി. അതുകൊണ്ട് തന്നെ സിപിഎം നേതാക്കള്‍ എല്ലാം കരുതലോടെ മാത്രമേ പ്രതികരിക്കൂ. തീര്‍ത്തും നിയമം കൈയ്യിലെടുക്കുന്ന തരത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എയായ ഭര്‍ത്താവ് സച്ചിന്‍ ദേവും പെരുമാറിയെന്ന് സിസിടിവി ദൃശ്യം അടക്കം വ്യക്തമാക്കുകയും ചെയ്തു. ഇത്തരം വിവാദങ്ങള്‍ കുറച്ചു കൂടി കരുതല്‍ എടുത്തിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഔദ്യോഗിക വാഹനം ഓടിച്ചു കയറ്റിയത് അടക്കം പലപ്പോഴും പല വിവാദങ്ങളില്‍ ആര്യാ രാജേന്ദ്രന്‍ ചെന്നുപെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന് മുമ്പെഴുതിയ കത്ത് സിപിഎമ്മിന് വലിയ പൊല്ലാപ്പായിരുന്നു. ആറ്റുകാല്‍ അഴിമതി ആരോപണം അടക്കം പലതുമുണ്ടായി. കരുതല്‍ വേണമെന്ന് സിപിഎം പലപ്പോഴും നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സംഭവത്തിലും ആ കരുതല്‍ ഉണ്ടായില്ലെന്നതാണ് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ ഭാവി സിപിഎം നേതാവായി അവതരിപ്പിക്കുന്ന നേതാവാണ് ആര്യാ രാജേന്ദ്രന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലൊരു വനിതാ നേതാവ് കൂടുതല്‍ കരുതല്‍ എടുക്കേണ്ടതുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.