തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സിപിഎമ്മില്‍ സംഘടനാ ചുമതല തിരിച്ചു കിട്ടി. കണ്ണൂരിലും തിരുവനന്തപുരത്തും കാസര്‍ഗോഡും യഥാര്‍ത്ഥ സെക്രട്ടറിമാര്‍ കസേരയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് വി ജോയിയും കണ്ണൂരില്‍ എംവി ജയരാജനും കാസര്‍കോട് ബാലകൃഷ്ണനും സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. ഒരിടത്തും വിവാദങ്ങളോ പ്രതിസന്ധികളോ ഉണ്ടായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പി ജയരാജന് പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് സംഭവിക്കുമെന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ലോക്സഭയിലേക്ക് മത്സരിച്ച മൂവര്‍ക്കും ഇത്തവണ സിപിഎം ജയപ്രതീക്ഷ കാണുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണനയില്‍ ആറ്റിങ്ങലില്‍ വി ജോയിയും കണ്ണൂരില്‍ എം വി ജയരാജനും കാസര്‍കോട് ബാലകൃഷ്ണനും ജയിക്കുമെന്ന് ഉറപ്പുള്ളവരുടെ പട്ടികയിലാണ്. ഇവര്‍ എംപിയായാല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. എംപിയുടെ പ്രവര്‍ത്തന മേഖല ഡല്‍ഹിയായതു കൊണ്ടാണ് ഇങ്ങനെ ജില്ലാ സെക്രട്ടറിമാരെ സിപിഎം മാറ്റുന്നത്. തിരഞ്ഞെടുപ്പ് ഫലം അടുത്ത മാസം നാലിനാണ്. അതുവരെ വേണമെങ്കില്‍ താല്‍കാലികക്കാര്‍ക്ക് തന്നെ ചുമതല കൈമാറാമായിരുന്നു. എന്നാല്‍ അതുവേണ്ടെന്നായിരുന്നു ഇത്തവണ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഇത് അനുസരിച്ചാണ് ജോയിയും ജയരാജനും ബാലകൃഷ്ണനും ചുമതല ഏറ്റെടുത്തത്. ഇവരുടെ നേതൃത്വത്തിലാകും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളും. അതിനിടെ കണ്ണൂരില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചില നേതാക്കള്‍ കണ്ണൂരില്‍ പ്രവര്‍ത്തിച്ചില്ലെന്നതാണ് ആരോപണം. ഇതെല്ലാം ജില്ലാ നേതൃത്വം ഉടന്‍ പരിശോധിക്കും. ഇപി ജയരാജനുമായുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതു കൊണ്ടു കൂടിയാണ് കണ്ണൂരില്‍ എംവി ജയരാജനെ അതിവേഗം ജില്ലാ സെക്രട്ടറിയാക്കിയത്. പാനൂരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ അടക്കം ചര്‍ച്ചകള്‍ ഇനി സിപിഎമ്മില്‍ നടക്കാന്‍ ഇടയുണ്ട്.
അഞ്ചു കൊല്ലം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി രണ്ട് ജില്ലാ സെക്രട്ടറിമാര്‍ മത്സരിച്ചു. കോട്ടയത്ത് വിഎന്‍ വാസവനും വടകരയില്‍ പി ജയരാജനും. രണ്ടു പേരും തോറ്റു. ഇതില്‍ വാസവന് പദവി മടക്കി കിട്ടി. എന്നാല്‍ ജയരാജന് കൊടുത്തതുമില്ല. വടകരയില്‍ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങള്‍ കൂടി വരുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജില്ലാ സെക്രട്ടറിയെ മാറ്റി. എംവി ജയരാജന്‍ സെക്രട്ടറിയാവുകയും ചെയ്തു. എന്നാല്‍ കോട്ടയത്ത് അത്തവണയും താല്‍ക്കാലിക സെക്രട്ടറിയായിരുന്നു,
ഇത്തവണ മത്സരിച്ച ജില്ലാ സെക്രട്ടറിമാരുടെ മണ്ഡലം പൂര്‍ണ്ണമായും അതേ ജില്ലയിലായിരുന്നു. അതുകൊണ്ടു തന്നെ ആരേയും മാറ്റിയില്ല. പകരക്കാരായി താല്‍കാലികക്കാരും എത്തി. പ്രചരണവും വോട്ടെടെപ്പും കഴിഞ്ഞതോടെ സെക്രട്ടറിമാര്‍ക്ക് കസേരയും തിരിച്ചു കിട്ടി.