സംസ്ഥാന പോലീസ് മേധാവി ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ്. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ.
വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി വില കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വാന്‍സ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നല്‍കിയില്ലെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു. ഇതു മുഖവിലയ്ക്കെടുത്താണ് കോടതി നടപടികള്‍. ഈ വിധിയോട് പോലീസ് സേനയില്‍ നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇതേ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉള്‍പ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാര്‍ മുഖേന കോടതിയെ സമീപിച്ചു. മേയ് 28ന് ആണു ഭൂമിയില്‍ ജപ്തി നോട്ടിസ് പതിച്ചത്. ഫലത്തില്‍ ഭൂമി വാങ്ങാന്‍ എത്തിയ ആളിനെ ചതിച്ചുവെന്നാണ് കേസ്. പണയവസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമാണ്. എന്നാല്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ മാത്രമാണ് പരാതിക്കാരന്‍ എടുത്തതെന്നാണ് സൂചന.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ കാലാവധി ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്. ഇതോടെ ഒരു കൊല്ലം കൂടി പോലീസ് മേധാവി സ്ഥാനത്ത് ഷെയ്ഖ് ദര്‍വേശ് സാഹിബിന് തുടരാനാകും.