തിരുവനന്തപുരം (Thiruvananthapuram) : റെയിൽവേയും കോർപ്പറേഷനും സർക്കാരും ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ഉയർത്തിയ വിവാദത്തിൽ പരസ്പര ആരോപണം തുടരുന്നു. ആമയിഴഞ്ചാൻ തോട് ശുചിയാക്കാനുള്ള ഉത്തരവാദിത്വം ആരുടേതെന്നതാണ് പ്രധാന തർക്കവിഷയം. അടിഞ്ഞുകൂടുന്ന മാലിന്യം ആരാണ് തോട്ടിലേക്കു തള്ളുന്നതെന്നതാണ് മറ്റൊരു വിഷയം. സർക്കാരിന്റെ പിന്തുണയോടെ കോർപ്പറേഷൻ ഒരുഭാഗത്തു നിൽക്കുമ്പോൾ, റെയിൽവേയും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുമാണ് മറുപക്ഷത്ത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ മാലിന്യക്കുന്ന് ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരേ രൂക്ഷ വിമർശനമുയരുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറും അടക്കമുള്ളവ ഏറെനാളായി കൊച്ചുവേളിയിലെ പ്ലാറ്റ്‌ഫോമിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. കോർപ്പറേഷൻ സെക്രട്ടറി നേരിട്ടെത്തി നോട്ടീസ് നൽകിയിട്ടും റെയിൽവേ അനങ്ങിയിട്ടില്ല. ജലസേചന വകുപ്പിനാണ് ആമയിഴഞ്ചാൻ തോടിന്റെ ചുമതല. എന്നാൽ, ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മിണ്ടാതെ മാറിനിൽക്കുകയാണ് വകുപ്പ്.
ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ തോട് ശുചീകരണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. റെയിൽേവയുടെ ഭാഗത്ത് തുരങ്കപാത ശുചീകരിക്കാൻ ജലസേചനവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.