നേത്രാവതി എക്സ്പ്രസിൽ സംഘർഷം. ശനിയാഴ്ച വൈകിട്ട് ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവ് കോച്ചിൽ കയറിയതാണ് സംഘർഷത്തിന് കാരണമായത്. മംഗളൂരു ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ഷൊർണൂർ എത്തിയപ്പോഴാണ് തിരക്ക് കൂടുതലായത്. ജനറൽ കോച്ചിൽ കയറാൻ പറ്റാതിരുന്ന യാത്രക്കാർ റിസർവ് കോച്ചിൽ കയറുകയായിരുന്നു.
ഇതോടെ യാത്രക്കാർ റെയിൽ മദദ് ആപ്പിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് ഷൊർണൂരിൽ വണ്ടി പരിശോധിക്കാൻ ആർപിഎഫിന് നിർദേശം നൽകി. റിസർവ്ഡ് കോച്ചിൽ നിന്ന് മുഴുവൻ ജനറൽ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം. ഇതോടെയാണ് കോഴിക്കോട് ആർപിഎഫും യാത്രക്കാരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായത്.
മംഗളൂരു ഭാഗത്തേക്കുള്ള വൈകിട്ടുള്ള അവസാന ട്രെയ്ൻ നേത്രാവതി എക്സ്പ്രസ് ആണ്. ഇത് കഴിഞ്ഞാൽ പിന്നെ കാസർകോട് ഭാഗത്തേക്ക് പുലർച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ആണ് ഉള്ളത്. രണ്ട് ജനറൽ കോച്ചാണ് നേത്രാവതി എക്സ്പ്രസിൽ. അതിൽ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തു. ബാക്കി ഒന്നര കോച്ചിലാണ് നിത്യ ജോലിക്കാരടക്കമുള്ള ജനറൽ ടിക്കറ്റുകാർ കയറേണ്ടത്. ജനറൽ കോച്ചുകൾ കൂട്ടണം എന്നാണ് യാത്രക്കാരുടെ ആവശ്യം