തൃശൂര്‍ : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വിവിധ പേരിലുള്ള കമ്പനികളില്‍ കോടികള്‍ നിക്ഷേപിച്ചവരെ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതായി പരാതി. മലയാളി ക്ഷേമനിധി, ബെനിഫിറ്റ് ഫണ്ട് എന്നിവയുടെ പേരില്‍ വന്‍തുക നിക്ഷേപമായി സ്വീകരിച്ചശേഷം തുക തിരികെ നല്‍കാന്‍ വൈകിപ്പിച്ചാണ് തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ തുടര്‍നടപടിയുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. 50,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള തുകകളാണ് ഏങ്ങണ്ടിയൂരില്‍ ഹെഡ് ഓഫീസുണ്ടായിരുന്ന പ്രവാസി ഗ്രൂപ്പ് തട്ടിയെടുത്തതെന്ന് നിക്ഷേപകര്‍ വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചു. ഇത്തരത്തില്‍ അമ്പത് കോടിയോളം രൂപയെങ്കിലും തട്ടിപ്പു നടന്നിട്ടുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പലിശയും മുതലും ലഭിക്കാതായതോടെയാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ലഭിക്കാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും പല ന്യായങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയാണ്. തുടര്‍ന്ന് 98 നിക്ഷേപകര്‍ ചേര്‍ന്ന് പ്രവാസി ഡെപ്പോസിറ്റേഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ചു. ജില്ലയിലെ നിക്ഷേപം സ്വീകരിച്ച ബ്രാഞ്ചുകളുള്ള സ്ഥലത്തെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ നല്‍കി. ജില്ലാ പോലീസ് മേധാവിക്കും റൂറല്‍ എസ്.പിക്കും നേരിട്ടും ഡി.ജിപിക്ക് ഇ മെയില്‍ വഴിയും പരാതി നല്‍കി. എന്നാല്‍ തൃശൂര്‍ വെസ്റ്റ്, ചാവക്കാട്, പാവറട്ടി സ്റ്റേഷനുകളില്‍ നിക്ഷേപകരുടെ മൊഴിയെടുത്തു. എഫ്.ഐ.ആര്‍. ഇടാന്‍ തുടങ്ങി. വലപ്പാട്, വാടാനപ്പള്ളി സ്റ്റേഷനുകളില്‍ നിന്ന് നടപടികളുണ്ടായിട്ടുമില്ല. 2019 ല്‍ ആര്‍.ബി.ഐ. ലൈസന്‍സ് നഷ്ടപ്പെട്ടിട്ടും കമ്പനി ഇടപാടുകള്‍ നടത്തുകയാണ്. തൃശൂര്‍ പടിഞ്ഞാറെ കോട്ട, ചാവക്കാട്, പാവറട്ടി, വാടാനപ്പള്ളി ബ്രാഞ്ചുകള്‍ അടച്ചിട്ടിരിക്കുകയാണ്. തൃപ്രയാര്‍ ഓഫീസ് ചിലപ്പോള്‍ തുറക്കും. എടപ്പാള്‍, കൊടുങ്ങല്ലൂര്‍, എറണാകുളം ഓഫീസുകള്‍ തുറന്നു പ്രവത്തിക്കുന്നുണ്ട്.
കൂലിപ്പണിക്കാരായവരുടെ ചെറിയ തുകയടക്കം തിരിച്ചു കിട്ടാത്ത അവസ്ഥയില്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ് ചില നിക്ഷേപകര്‍. കുറി, ഗോള്‍ഡ് ലോണ്‍, സ്ഥിരനിക്ഷേപം എന്നിങ്ങനെയുള്ള ബിസിനസാണ് കമ്പനി നടത്തുന്നത്. വിദേശത്തുള്ളവരെയാണ് കൂടുതലും തട്ടിച്ചത്. 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നു. പ്രവാസികളായിരുന്ന കാലത്ത് സമ്പാദിച്ചതടക്കം വിശ്വാസത്തോടെയാണ് നിക്ഷേപിച്ചത്. എന്നാല്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി നിക്ഷേപകരെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്. ഡയറക്ടര്‍മാരുടെ സാമ്പത്തികതിരിമറികളും ധൂര്‍ത്തുമാണ് കമ്പനിയെ ഈ അവസ്ഥയിലെത്തിച്ചെന്നാണ് മനസിലായതെന്നും അവര്‍ പറഞ്ഞു. ചിലരുടെ പക്കല്‍ നിന്ന് സ്വര്‍ണവും വാങ്ങിവെച്ചിട്ടുണ്ട്. ഇതും മടക്കി നല്‍കിയിട്ടില്ല. കുട്ടികളുടെ വിവാഹം, ഭവനനിര്‍മാണം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കു കരുതിവെച്ചിരുന്ന തുകയാണ് തിരിച്ചു കിട്ടാതെയിരിക്കുന്നത്. ഡയറക്ടര്‍മാര്‍ ഈ തുക ഉപയോഗിച്ച് സുഖജീവിതം നയിച്ചുവരികയാണെന്നും ചൂണ്ടിക്കാട്ടി. ചിലര്‍ വിദേശത്താണ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.കെ. രാമകൃഷ്ണന്‍, പ്രസിഡന്റ് എന്‍.പി. വിദ്യോത്തമന്‍, ഷൈനി ചന്ദ്രബോസ്, ബിന്ദു സിംസണ്‍, ഷാജി കൊച്ചപ്പന്‍ എന്നിവര്‍ പങ്കെടുത്തു.