കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി.പി. ദിവ്യ, നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബു പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യം ഉന്നയിക്കുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത അന്വേഷണത്തിലൂടെ മാറ്റണമെന്നും ആശ്യപ്പെടുന്നു.
പ്രവീണ്‍ ബാബുവിന്റെ സംസ്‌കാരം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. നവീന്‍ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ.
കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.