മധുര (Madhura) : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദര്‍ശനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. (The visit of Chief Minister Pinarayi Vijayan’s wife and daughter to the temple during the CPM party congress has been a topic of discussion on social media.) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണ വിജയനും തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്. ഒരു യൂട്യൂബ് വ്ളോഗറാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൊലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഈ മാസം നാലിന് ചിത്രീകരിച്ച വിഡിയോ എന്നാണ് യൂട്യൂബറുടെ അവകാശവാദം. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചപ്പോള്‍ ചിലര്‍ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
‘ജയില്‍ വാസത്തിനു മുമ്പായുള്ള ക്ഷേത്ര ദര്‍ശനം…! ദൈവത്തിനെങ്കിലും വീണമോളെ രക്ഷിക്കാന്‍ കഴിയട്ടെ എന്ന് അമ്മയുടെ പ്രാര്‍ത്ഥന, ഈ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് കാരാഗൃഹവാസം തടയുമെന്നാണ് ഐതീഹ്യം, ഇനി ഇതൊക്കെ തന്നെ രക്ഷ. അലറി വിളിച്ചാല്‍ പോലും ഒരു ബൃഹദേശ്വരനും വരില്ല. അത്രത്തോളം കണ്ണുനീര്‍ പാവങ്ങള്‍ ഒഴുക്കികഴിഞ്ഞു, ഒരാപത്തു വരുമ്പോള്‍ എല്ലാവരും ദൈവത്തില്‍ അഭയം തേടും’- എന്നിങ്ങനെ പോകുന്നു വിമര്‍ശകരുടെ കമന്‍റുകള്‍.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ക്ഷേത്ര ദര്‍ശനത്തെ പിന്തുണച്ചുമുണ്ട് കമന്‍റുകള്‍. ‘കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പറഞ്ഞിട്ടില്ല ദൈവവിശ്വാസം പാടില്ല എന്ന് .വര്‍ഗീയവിഷം പോലെ ആര്‍എസ്എസിനെയും ബിജെപിയും പോലെ അമിതമാവരുത് എന്ന് മാത്രമാണ് ഇന്ത്യയിലെ സിപിഎമ്മും പറയുന്നത് ഇടതുപക്ഷവും., തഞ്ചവൂര്‍ ക്ഷേത്രത്തില്‍ വലിയ വിശ്വാസമോ ആചാര അനുഷ്ഠാനങ്ങളോ വലിയ പ്രാധാന്യം ഉള്ള സ്ഥലമല്ലേ… നിര്‍മാണ വൈധഗ്ദ്യം കൊണ്ട് പ്രശസ്തമായ ഒരു അത്ഭുത നിര്‍മിതി ആണ്…. ടൂറിസ്റ്റുകളായാണ് കൂടുതല്‍ സന്ദര്‍ശകരും എത്തുന്നത്… ഒരുവട്ടം എങ്കിലും പോയവര്‍ക്ക് മനസ്സിലാകും അത്.
തഞ്ചാവൂര്‍ ക്ഷേത്രം എന്നത് ഒരു കേവല ക്ഷേത്രമല്ല. അതൊരു സംസ്‌കാരത്തിന്റെ കേന്ദ്രമാണ്. ആ സന്ദര്‍ശനത്തെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്, അബുദാബിയിലെ വലിയ ഒരു മസ്ജിദ് ഉണ്ട് അവിടെ അഹിന്ദുക്കള്‍ സന്ദര്‍ശിക്കാറുണ്ട് അതൊരു സംസ്‌കാരത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും അല്ലെങ്കില്‍ അറിവുകള്‍ മനസ്സിലാക്കുന്നതിന്റെയും ഭാഗമാണ് അതുപോലെ ഒരു ഒരു വലിയ ഹിന്ദു ക്ഷേത്രമുണ്ട് അവിടെ ഞാന്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്’ – എന്നിങ്ങനെ പിന്തുണയ്ക്കുന്നവരുടെ കുറിപ്പുകള്‍.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മധുരയില്‍ എത്തിയിരുന്നു. മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയാണ് തഞ്ചാവൂരിലേക്കുള്ളത്.