തിരുവനന്തപുരം (Thiruvananthapuram) : മലയാളികളുടെ അടുക്കളയിൽ വെളിച്ചെണ്ണയ്ക്കുള്ള രാജകീയ പദവി നഷ്ടപ്പെട്ടിട്ട് ദിവസങ്ങളേറെയായി. പകരം പാം ഓയിൽ, സൺഫ്ലെവർ ഓയിൽ തുടങ്ങിയ ബദൽ മാർഗം തേടുകയാണ് മലയാളികൾ. (It’s been a while since coconut oil lost its royal status in the Malayali kitchen. Instead, Malayalis are looking for alternatives like palm oil and sunflower oil.) കുതിച്ചുയരുന്ന വിലയാണ് അതിന്റെ പ്രധാന കാരണം.
2025 ൻ്റെ തുടക്കത്തിൽ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ അതിപ്പോൾ 550 രൂപയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഉടൻ തന്നെ കേരളത്തിൽ വെളിച്ചെണ്ണ വില താഴുമെന്നാണ് സൂചന. വെളിച്ചെണ്ണ ലിറ്ററിന് 390 രൂപയ്ക്ക് വിൽക്കാനാകുമെന്ന് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയിൽ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ ജോബ് പറഞ്ഞു. കൊപ്ര വിലയിൽ സംഭവിച്ച ഇടിവാണ് ഇതിന് കാരണം.
വെളിച്ചെണ്ണ വിൽപന ഗണ്യമായി കുറയുകയും വൻകിട കമ്പനികൾ വിപണിയിൽ നിന്ന് മാറിനിൽക്കുകയും ചെയ്തതോടെ തമിഴ്നാട് മാർക്കറ്റിൽ കൊപ്രയുടെ വില കുറഞ്ഞിരിക്കുകയാണ്. കിലോഗ്രാമിന് 270-275 രൂപയ്ക്ക് വിറ്റിരുന്ന കൊപ്രയ്ക്ക് ഇന്നലെ 215-218 രൂപയായിരുന്നു വില. ഏതാനും ദിവസങ്ങളിൽ കൂടി ഈ ഇടിവ് തുടരുമെന്നാണ് സൂചന.
വെളിച്ചെണ്ണ വില വൻതോതിൽ കൂടിയത് മൂലം വിൽപന ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ കേരളത്തിൽ ചെറുകിട മില്ലുകളിൽ പലതും പ്രവർത്തനം നിർത്തി. ഇത് വിപണിയിൽ കൊപ്രയുടെ ലഭ്യത കൂട്ടി. കൂടാതെ കർണാടക സംസ്ഥാനങ്ങളിൽ പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യതയും കൂടിയിട്ടുണ്ട്.