കൊച്ചി (Cochi) : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണ (Death of former Prime Minister Manmohan Singh) ത്തെ തുടർന്ന് കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.
എന്നാൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോർട്ട്കൊച്ചി (Galaday Fort Kochi)യുടെ നേതൃത്വത്തിലാണ് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും അഗ്നിക്കിരയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് കോടതി നിർദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.