നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് റിപ്പോര്‍ട്ടുകള്‍. ഹണി റോസ് പരാതി ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഫോണിലൂടെ താരത്തിന് എല്ലാവിധ നിയമ നടപടികള്‍ക്കും പിന്തുണ അറിയിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് വിവാദ വ്യവസായിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഇടപെടലോടെ കേസില്‍ ബോബി ചെമ്മണ്ണൂരിന് ഇളവുകള്‍ ഒന്നും നല്‍കേണ്ടെന്നും പ്രതിയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു. വയനാട്ടിലേക്ക് കടന്ന ബോബിയെ അതീവ രഹസ്യമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ വയനാട്ടിലേക്ക് കടന്നതായി പൊലീസ് മനസിലാക്കിയിരുന്നു. ഇതോടെ വയനാട് പൊലീസിന്റെ ശക്തമായ
നിരീക്ഷണത്തിലായി പ്രതി. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മേപ്പാടിയിലെ എസ്റ്റേറ്റിനോടനുബന്ധിച്ച റിസോര്‍ട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. അതിനൊന്നും സമയം നല്‍കാതെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിലവില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.