സവാദിനെ പിടികൂടാൻ സഹായിച്ചത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

Written by Web Desk1

Published on:

കാസർകോട്: അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്ദോഗസ്ഥർക്ക് സഹായകമായത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്. കാസർകോട്ട് വിവാഹ സമയത്ത് നൽകിയ പേര് ഷാജഹാൻ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നൽകിയത് യഥാർത്ഥ പേരാണ്. മംഗൽപ്പാടി പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിലാണ് അച്ഛന്‍റെ പേര് എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്.

13 വർഷമായി ഒളിവിലായിരുന്ന സവാദിനെ ബുധനാഴ്ച രാവിലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവ് ജീവിതമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം. വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്.

Related News

Related News

Leave a Comment