കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
അറസ്റ്റിലായശേഷം കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍(51), ഭാര്യ എം.ആര്‍.അനിതാകുമാരി(39), മകള്‍ പി.അനുപമ(21) എന്നിവര്‍ ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംഭവം വന്‍ വാര്‍ത്തയായതോടുകൂടി സമ്മര്‍ദ്ദം സഹിക്കാനാകാതെ കൊല്ലത്ത് പാര്‍ക്കില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.