തിരുവനന്തപുരം: നവരാത്രിപൂജയില്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ (Chenthitta Devi Temple) വന്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി തകര്‍ന്നു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേന സംഘം തീയണച്ചത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായിരുന്നില്ലെന്ന ആരോപണവുമായി നാട്ടുകാരും ഭാരവാഹികളും രംഗത്തെത്തി.
നാലമ്പലത്തിലെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം പ്രധാനപ്രതിഷ്ഠയ്ക്ക് മുന്നില്‍ വലതുവശത്തായി കളം വരയ്ക്കുന്ന മുറിയിലാണ് ആദ്യം തീപിടിച്ചത്. പൂജയ്ക്ക് ആവശ്യമുള്ള പൊടികള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. മറ്റ് ഭാഗങ്ങളിലേക്കും തീ അതിവേഗം വ്യാപിച്ചു. നാലമ്പലത്തിലെ മേല്‍ക്കൂരയിലെ പലകകളും തടിയും പൂര്‍ണമായും കത്തിനശിച്ചു.
സമീപത്തെ വീട്ടിലുള്ള പെണ്‍കുട്ടിയാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സിലെ നാല് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂര്‍ണമായും അണയ്ക്കാന്‍ ഏകദേശം ഒന്നരമണിക്കൂര്‍ വേണ്ടിവന്നു. ആളപായമില്ല. സംഭവത്തില്‍ പോലീസ് അന്വേഷണവും ആരംഭിച്ചു.