ബാങ്ക് കൊളളക്കേസില്‍ റിജോയെ പോലീസ് പിടിയിലായതിന്റെ ഞെട്ടലിലാണ് ചാലക്കുടിയിലെ നാട്ടുകാരും സുഹൃത്തുകളും.മോഷ്ടിച്ച പണത്തില്‍ 2.94 ലക്ഷം നല്‍കി സഹപാഠിയുടെ കടംവീട്ടി; റിജോ അറസ്റ്റിലായതിന് പിന്നാലെ പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനിലെത്തി. മോഷണ മുതലെന്ന് അറിയില്ലായിരുന്നുവെന്ന് സഹപാഠി പോലീസിനോട് പറഞ്ഞു. കോടികളുടെ ആഢംബര ജീവിതം നയിച്ചിരുന്ന റിജോ എന്തിന് മോഷ്ടിച്ചു എന്നാണ് നാട്ടുകാര്‍ പരസ്പ്പരം ചോദിച്ചത്. വിവരമറിഞ്ഞ റിയോയുടെ കുടുംബവും കടുത്ത ഷോക്കിലാണ്.
ബാങ്ക് മോഷണത്തെപ്പറ്റിയും റിജോ നാട്ടുകാരോട് സംസാരിച്ചിരുന്നു. പ്രതി ഏവിടെയെങ്കിലും പോയി രക്ഷപ്പെട്ടുകാണുമെന്നും ഇയാള്‍ സംസാരത്തിനിടെ പറഞ്ഞിരുന്നു. അതേസമയം റിജോ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനക്കും പോലീസ് തയ്യാറെടുക്കുകയാണ്. ഇന്ന് രാത്രി മുഴുവന്‍ വിശദമായ ചോദ്യം ചെയ്യലുണ്ടാകും. പണം മോഷ്ടിച്ച ശേഷം ഇയാള്‍ എന്തു ചെയ്യുകയായിരുന്നു, സഹായത്തിന് ആരെങ്കിലും ഉണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം ചോദിച്ചറിയേണ്ടതുണ്ട്.
പൊലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയാണ് പൊലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്. ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പോലീസിനെ കബളിപ്പിക്കാനായി പ്രതി നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ ചെറുതായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചിരുന്നു. എന്നാല്‍ കൃത്യമായ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു.