ന്യൂഡല്‍ഹി: ഐ.എ.എസ്. ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലുമൂന്നിയ തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ‘പുതിയ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനനുസൃതമായി, ഭാവിയിലെ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥ മനോഭാവവും വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ് പുതിയ പരിശീലനരീതി കൊണ്ടുവരുന്നത്.
ഒന്നര വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണിത് രൂപപ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 32 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കാവും ആദ്യഘട്ടത്തില്‍ പരിശീലനം. കര്‍മയോഗിയില്‍ നിലവില്‍ 46 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസര്‍വീസിലുള്ളവര്‍ക്കുള്ള പരിശീലനത്തിനൊപ്പം സംസ്ഥാനതലത്തിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന.
‘2047-ല്‍ വികസിത ഭാരതം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി 2021-ല്‍ രൂപവത്കരിച്ച കപ്പാസിറ്റി ബില്‍ഡിങ് കമ്മിഷനാണ് കര്‍മയോഗി മത്സരക്ഷമത ചട്ടക്കൂട് (കര്‍മയോഗി കോംപിറ്റന്‍സ് ഫ്രേംവര്‍ക്ക്) ഉണ്ടാക്കിയത്. മസൂറിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ദേശീയ അക്കാദമി അടക്കമുള്ള സര്‍ക്കാരിന്റെ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഇതടിസ്ഥാനമാക്കിയാവും ഭാവിയില്‍ പരിശീലനം.
സ്വാധ്യായ് (ആത്മപഠനം), സഹകാര്യത (സഹകരണം), രാജ്യകര്‍മ ( കൃത്യനിര്‍വഹണം), സ്വധര്‍മ (പൗരസേവനം) എന്നിങ്ങനെ ഭാരതീയ ചിന്തയിലധിഷ്ഠിതമായ സാമൂഹികസേവന സിദ്ധാന്തമായിരിക്കും ഇതിന്റെ കാതല്‍. ബ്രിട്ടീഷ് ഭരണകാലയളവിലെ പരിശീലനത്തിന്റെ മാതൃകകള്‍ തന്നെ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്തുടരുന്നതിലെ ഔചിത്യമില്ലായ്മ തിരുത്തുക കൂടിയാണ് പുതിയ പദ്ധതിയിലൂടെയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.