തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പൂട്ടാനിറങ്ങിയ ദല്ലാള്‍ നന്ദകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. നന്ദകുമാര്‍ ഈയിടെ നടത്തിയ ആരോപണങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ സംസ്ഥാന നേതാക്കള്‍ പെടുത്തിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങളെ ഗൗരവത്തോടെ എടുക്കും. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തില്‍ പരിശോധന നടത്തും. ചില പ്രതിരോധ രേഖകളുടെ ഫോട്ടോ സ്റ്റാറ്റ് ചോര്‍ത്തിയതില്‍ അനില്‍ ആന്റണിയ്ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ഈ ആരോപണം നന്ദകുമാറിന് തെളിയിക്കേണ്ടി വരും. അല്ലാത്ത സാഹചര്യത്തില്‍ നന്ദകുമാറിനെതിരെ സൈന്യത്തെ അധിക്ഷേപിച്ചതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സാധ്യത ഏറെയാണ്.
കേരളത്തിലെ ബിജെപി ഏറ്റവും പ്രതീക്ഷയോടെ കണ്ട മണ്ഡലങ്ങളാണ് പത്തനംതിട്ടയും ആലപ്പുഴയും. ജയമോ വന്‍തോതില്‍ വോട്ടു വിഹിതമോ ഉയര്‍ത്തലായിരുന്നു ബിജെപിയുടെ ഈ മണ്ഡലത്തിലെ ലക്ഷ്യം. ഇതിനിടെയാണ് അനില്‍ ആന്റണിയേയും ശോഭാ സുരേന്ദ്രനേയും ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ നന്ദകുമാര്‍ ഉയര്‍ത്തിയത്. പിന്നാലെ ബിജെപി പ്രതിരോധമായെത്തി. അതിന് ശേഷം തെളിവുകളും മറ്റും പുറത്തു വിട്ട് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനും നന്ദകുമാര്‍ ശ്രമിച്ചു. ശോഭാ സുരേന്ദ്രന്റെ കടന്നാക്രമണത്തില്‍ നന്ദകുമാര്‍ പിന്നോക്കം പോയെങ്കിലും ബിജെപിയുടെ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികളെ ആരോപണങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലാക്കാനായിരുന്നു ശ്രമം. ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രനെതിരേയും പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ നന്ദകുമാറിനെതിരെ ഗൗരവത്തോടെയുള്ള ഇടപെടല്‍ വേണമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ കേരളത്തിലെ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥികളെ പൂട്ടാനിറങ്ങിയ നന്ദകുമാര്‍ കുടുങ്ങുമോ?
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊട്ടികലാശ ദിവസം ആലപ്പുഴയില്‍ എത്തിയിരുന്നു. ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നു ഇത്. അമിത് ഷായെ ശോഭാ സുരേന്ദ്രന്‍ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വസ്തു വാങ്ങാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അക്കൗണ്ടിലേക്ക് വാങ്ങിയ പണത്തെ പോലും ഉയര്‍ത്തി പ്രതിച്ഛായ മോശമാക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചെന്നാണ് ശോഭയുടെ നിലപാട്. നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലെത്താന്‍ സാധ്യതയുണ്ട്.