അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. (The CBI has registered a case against the Chief Minister’s Chief Principal Secretary KM Abraham on a complaint of disproportionate assets.) അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിന്റെ എഫ്ഐആർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.
മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമാണ് കെ എം എബ്രഹാം. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.
പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ടായിരുന്നു.