തിരുവനന്തപുരം: പാറശ്ശാലയിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച കേസിൽ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഞ്ചാലിക്കോണം സ്വദേശി അമൽ ദേവാണ് ഇന്ന് പുലർച്ചയോടെ കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടുകൂടിയാണ് മദ്യപിച്ച് ബാറിൽ നിന്നിറങ്ങിയ അമൽദേവും സംഘവും സഞ്ചരിച്ച കാർ പാറശ്ശാല സ്വദേശി സജികുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് വച്ചുതന്നെ സജികുമാർ മരിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.
നാട്ടുകാർ ഓടിക്കൂടി അമൽദേവിനെ പിടികൂടിയിരുന്നു. അപകടത്തിൽ മുറിവേറ്റതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമൽ ദേവ് ഇന്ന് പൊലീസിന് മുൻപിൽ ഹാജരായത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാൾ ഹാജരായതെന്നാണ് നിഗമനം.