കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ വീട്ടില്‍ ചെന്ന് കുഞ്ഞിനോട് ചോദ്യം ചെയ്ത് വിഡിയോ പകര്‍ത്തിയ യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് സ്വദേശി സിനില്‍ ദാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്് മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തത്. അവതാരകയ്ക്കും ചാനലിനുമെതിരെയാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന് പപ്പ എവിടെ പോയി? എന്ന് ചോദിക്കുന്നു. പപ്പ ലോറിയില്‍ പോയി എന്ന് കുഞ്ഞ് പറയുമ്പോള്‍ ലോറിയില്‍ എവിടെ പോയി എന്ന് അവതാരക ചോദിക്കുന്നു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യധാര വാര്‍ത്താ ചാനലുകളടക്കം അര്‍ജുന്റെ വിഷയം വ്യൂസ് കിട്ടാനായി തെറ്റായ തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിച്ചിരുന്നു.