കൊച്ചി: പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പതറി ഷൈന്‍ ടോം ചാക്കോ.എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതല്‍ ഒരുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചേക്കും
ഹോട്ടലില്‍ പൊലീസ് അന്വേഷിച്ചെത്തിയത് ഡ്രഗ് ഡീലര്‍ സജീറിനെ തേടിയായിരുന്നു. ഇയാളെ അറിയാമെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈന്‍ ലഹരി ഉപയോഗം സംബന്ധിച്ച് മൊഴി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് നല്‍കിയതെങ്കിലും സൈബര്‍ രേഖകള്‍ ഷൈനിന് മുന്നിലെത്തിയതോടെ അറിയാമെന്ന് സമ്മതിക്കേണ്ടി വന്നു. ഷൈന്‍ സജീറുമായി നടത്തിയ ചില ഫോണ്‍കോളുകളുടെ വിവരങ്ങളാണ് സൈബര്‍ വിഭാഗം മുന്നില്‍വച്ചത്. പിന്നീട് അങ്ങോട്ടുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ താന്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് ലഹരി സംഘങ്ങളുമായി ഇടപാടുണ്ടെന്നും പറയാന്‍ ഷൈന്‍ നിര്‍ബന്ധിതനായി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.