തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കലോത്സവ റിപ്പോര്‍ട്ടിങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍ അറിയിച്ചു.
ഒപ്പനയിലെ മണവാട്ടിയുമായാണ് ഷാബാസ് പ്രണയം നിറഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നത്. ഈ പരാമര്‍ശത്തില്‍തന്നെ ദ്വയാർത്ഥ പ്രയോഗമുണ്ടെന്നും ഇത് കൂടാതെ വാര്‍ത്താവതരണത്തില്‍ അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തിലും ദ്വയാർത്ഥം കടന്നുകൂടിയെന്നാണ് കണ്ടെത്തല്‍.. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കേസ് എടുക്കാന്‍ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.