സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ വിവാഹം, ആശുപത്രി കേസ്, പഠനം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്നത് വട്ടിപ്പലിശക്കാരെയാകും. മതിയായ രേഖകളോ നടപടിക്രമങ്ങളോ ഒന്നും ഇല്ലാതെ ‘അപേക്ഷിച്ച’ ഉടന്‍ പണം കിട്ടുന്നതിനാല്‍ നാട്ടിന്‍പുറത്തെ ആദ്യ വായ്പാ ലക്ഷ്യമാണ് വട്ടിപ്പലിശക്കാര്‍. നൂറുരൂപയ്ക്ക് അഞ്ചുമുതല്‍ 10രൂപ വരെയാകും ഇത്തരക്കാര്‍ പലിശ ഈടാക്കുക. ചിലര്‍ നൂറുരൂപയ്ക്ക് പ്രതിമാസം പത്തുരൂപ തോതില്‍ പലിശ ഉപാധിവയ്ക്കും. അതായത്, 10,000 രൂപ എടുക്കുകയാണെങ്കില്‍ പ്രതിമാസം 1,000 രൂപ വീതം പലിശ. ഒരുവര്‍ഷം തികയുമ്പോള്‍ പലിശ മാത്രം 12,000 രൂപയാകും. അതായത്, വായ്പയെടുത്തതിനെക്കാള്‍ തുക.
അത് അടയ്ക്കാതെ വരുമ്പോള്‍ 4-5 വര്‍ഷം കൊണ്ട് പലിശ മാത്രം വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികമായി കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് പോകും. ഒപ്പം വട്ടിപ്പലിശക്കാരുടെ ഏജന്റുമാര്‍ വീട്ടിലെത്തി ഭീഷണിയും പരിഹാസവും തുടങ്ങും. ഇത്തരം വായ്പകള്‍ തിരിച്ചടവ് മുടങ്ങുമെന്നത് ഉറപ്പാണ്. അതുകൊണ്ടാണ് വട്ടിപ്പലിശക്കാരുടെ ഭീഷണി സഹിക്കാതെ ആത്മഹത്യചെയ്യുന്നതായ വാര്‍ത്തകള്‍ പതിവാകുന്നത്.
ഇങ്ങനെ അമിത പലിശ ഈടാക്കാന്‍ പറ്റുമോ?
വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പറയുന്നത് Kerala Money Lenders Atc ന് കീഴിലാണ്. ലൈസന്‍സില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് Kerala Money Lenders Act, 1958. സെക്ഷന്‍ 17 പ്രകാരം കുറ്റകരമാണ്. നിയമത്തിലെ സെക്ഷന്‍ 2(7) പ്രകാരം പലിശക്കാരന്റെ പ്രധാന തൊഴില്‍ അല്ലെങ്കില്‍ ഉപതൊഴില്‍ പണം പലിശയ്ക്ക് കൊടുക്കുന്നതായിരിക്കേണ്ടതാണെന്ന തെളിവ് കടക്കാരന്റെ കൈവശം ഉണ്ടായിരിക്കണം. അതായത് ഒരാളുടെ കയ്യില്‍ നിന്നും കൈവായ്പ വാങ്ങിയതിനുശേഷം അയാള്‍ക്കെതിരെ കേസ് കൊടുക്കുവാന്‍ സാധിക്കില്ലായെന്നര്‍ത്ഥം.
മാത്രവുമല്ല ബ്ലാങ്ക് ചെക്ക്, മുദ്ര പത്രങ്ങള്‍, പ്രോമിസ്സറി നോട്ട്, സ്വര്‍ണ്ണം, മറ്റു രേഖകള്‍ സെക്യൂരിറ്റിയായി വാങ്ങി അമിത പലിശ ഈടാക്കുന്നത് Kerala Prohibition of Charging Exorbitant Interest Act, 2012 പ്രകാരവും കുറ്റകരമാണ്. പണം തിരികെ ലഭിക്കുവാന്‍ കടക്കാരനെയോ അയ്യാളുടെ കുടുംബക്കാരെയോ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്നത് നിയമത്തിന്റെ 9 (b) പ്രകാരം ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഈ നിയമത്തിന്റെ സെക്ഷന്‍ 9 (2) പ്രകാരം ഭീഷണി/ഉപദ്രവം മൂലം കടം വാങ്ങിയ ആള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ പലിശക്കാരന് അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ഇതിനൊപ്പം ഐ.പി.സിയിലെ വകുപ്പുകള്‍ വേറെയുമുണ്ടാവും.
വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം പലിശയ്ക്ക് കൊടുക്കുവാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു ബോര്‍ഡ് മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിയമം. പരാതിയുണ്ടെങ്കില്‍ പോലീസില്‍ രേഖാമൂലം സമര്‍പ്പിക്കുക. നടപടി എടുത്തില്ലെങ്കില്‍ പരാതിക്കാരന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും നിയമത്തിലുണ്ട്.
1958ലെ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം വാണിജ്യബാങ്കുകള്‍ തങ്ങളുടെ വായ്പയ്ക്ക് ഈടാക്കുന്ന പലിശമാത്രമേ വ്യക്തികള്‍ കടമായി നല്‍കുമ്പോഴും ഈടാക്കാവൂ എന്നാണ് വ്യവസ്ഥ. വാണിജ്യ ബാങ്കുകള്‍ അതാത് കാലങ്ങളില്‍ നിശ്ചയിക്കുന്ന വായ്പാ നിരക്കിനേക്കാള്‍ രണ്ടു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കിയാല്‍ അത് വട്ടിപ്പലിശയായി കണക്കാക്കി നിയമ നടപടിയെടുക്കാം എന്നാണ് വ്യവസ്ഥ.