പാലക്കാട് : യുവതലമുറയുടെ ഹരമായ റാപ് ഗായകന്‍ വേടനെതിരെ ബി നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും ബിജെപി സംസ്ഥാന നേതൃത്വം വിലക്കി. മുന്‍കൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും പൊതുവിഷയങ്ങളില്‍ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജന്‍സികള്‍ക്കു പരാതി നല്‍കാനും പാടില്ലെന്നും സംസ്ഥാന കമ്മിറ്റി ഒാഫിസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.പി.സുധീര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. പാര്‍ട്ടി വക്താക്കളോ സംഘടന ചുമതലപ്പെടുത്തിയ മീഡിയ പാനലില്‍ ഉള്ളവരോ ഒഴികെ ആരും സംസ്ഥാന അധ്യക്ഷന്‍, മീഡിയ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പൊതുവിഷയങ്ങളില്‍ പ്രതികരിക്കരുത്.
അഭിമുഖം നല്‍കരുതെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. റാപ് ഗായകന്‍ വേടനെതിരെ പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആഭ്യന്തര മന്ത്രാലയത്തിനു പരാതി അയച്ചതില്‍ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിലക്ക്. വേടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണു നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ പരാതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിരുന്നു.