തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. മകന്‍ നവനീതിന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലേതാണ് തീരുമാനം. ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്തിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നവീകരിക്കുമെന്ന് മന്ത്രി ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗം നടപടികള്‍ വിലയിരുത്തും. താമസം കൂടാതെ നിര്‍മ്മാണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ജൂലായ് മൂന്നിന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് ബിന്ദു മരിച്ചത്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.