തിരുവനന്തപുരം (Thiruvananthapuram) : ബെവ്‌കോ ഇനി മുതൽ സംസ്ഥാനത്ത് ഓൺലൈനായി മദ്യ വില്പന ആരംഭിക്കാൻ നീക്കം നടത്തുന്നു. (Bevco is now moving to start selling liquor online in the state.) ഇതിനായുള്ള ആപ്ലിക്കേഷൻ 10 ദിവസത്തിനുള്ളിൽ തയ്യാറാകുമെന്ന് ഹർഷിത അട്ടലൂരി അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻതന്നെ ഡെലിവറി പാർട്ണറെ കണ്ടെത്താൻ പദ്ധതി നടപ്പാക്കും.
ബെവ്കോയുടെ പദ്ധതി
നിലവിൽ ഔട്ട്ലെറ്റുകളിൽ ഉള്ള തിരക്ക് കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആണ് ലക്ഷ്യമിടുന്നത്. മദ്യത്തിന്റെ ഹോം ഡെലിവറിക്ക് സർക്കാർ അംഗീകാരം ലഭിച്ചില്ലെങ്കിൽ ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് ക്യൂവില്ലാതെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കും.
ഓൺലൈൻ വഴി ഡെലിവറി യാഥാർത്ഥ്യമായാൽ ബെവ്‌കോയ്ക്ക് 500 കോടിയിലധികം അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. മദ്യം വാങ്ങുന്ന ആളുടെ പ്രായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ആയിരിക്കും ഡെലിവറി നടത്തുക.
നിലവിൽ ഇന്ത്യയിൽ ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓൺലൈനായി മദ്യം വിതരണം ചെയ്യുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഈ സംസ്ഥാനങ്ങളിൽ ഹോം ഡെലിവറി ആരംഭിച്ചത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താത്കാലികമായി ഹോം ഡെലിവറി അനുവദിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് രാഷ്ട്രീയ എതിർപ്പുകളും മറ്റ് തടസ്സങ്ങളുമുണ്ട്.