മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ (66)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാനത്തെ പിടിച്ചുലച്ച പാമോലിന്‍ അഴിമതി രേഖകള്‍ പുറത്തുകൊണ്ടുവന്നത് ബി.സി. ജോജോ ആയിരുന്നു.മതികെട്ടാന്‍ ചോലയിലെ കൈയേറ്റങ്ങള്‍ ജനശ്രദ്ധയിലെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതും അദ്ദേഹമാണ്.
1958ൽ കൊല്ലം ജില്ലയിലെ മയ്യനാട്ട് ആയിരുന്നു ജനനം. പരേതരായ ഡി ബാലചന്ദ്രനും പി ലീലാവതിയുമാണ് മാതാപിതാക്കൾ. മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മെയിൻ സ്ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 1985 ലാണ് കേരളകൗമുദിയിൽ ചേർന്നത്. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായി.
ഭാര്യ: ഡോ. ടി കെ സുഷമ (വർക്കല എസ് എൻ കോളേജ് ഹിന്ദി വിഭാഗം മുൻ മേധാവി), മക്കൾ: ജെ.എസ് ദീപു ( സീനിയർ അസോസിയറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആന്റ് സോളിസിറ്റേഴ്സ്, മുംബയ്), ഡോ. ജെ.എസ് സുമി (അസിസ്റ്റന്റ് പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ ( നെയ്യാർ മെഡിസിറ്റി ), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയറ്റ്, ഡി എസ് കെ അഡ്വക്കേറ്റ് സ് ആന്റ് സോളിസിറ്റേഴ്സ്, മുംബയ്).