ജയ്ഹിന്ദ് ടിവിയുടെ (Jai Hind TV) ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുളളതാണ് ചാനല്‍. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിങ്ങില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ട് ഇന്‍കം ടാക്‌സ് വിഭാഗം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയ്ഹിന്ദ് ടിവിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.
അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ചാനലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുളള ചാനലിന്റെ മുഴുവന്‍ നിക്ഷേപങ്ങളെക്കുറിച്ചും സിബിഐ അന്വേഷിച്ചിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.ശിവകുമാറിന്റെ സ്വത്ത് കേസ് അന്വേഷണ കേസിലൂടെയാണ് സിബിഐ ജയ്ഹിന്ദ് ചാനലിലെത്തിയത്. ശിവകുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി നോട്ടീസുകള്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ചുവെന്നും, അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടര്‍ ബിഎസ് ഷിജു പ്രതികരിച്ചു.