തിരുവനന്തപുരം (Thiruvananthapuram) : താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണമെന്ന് നടൻ വിജയ് ബാബു. (Actor Vijay Babu wants Baburaj to abstain from the elections of the star organization AMMA.) എനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാൻ വിട്ടുനിന്നു.
ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം നിരപാധിത്തം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും താൻ കരുതുന്നുവെന്നും വിജയ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികളാണുള്ളത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. അതിനിടെ ജഗദീഷ് പിൻമാറിയേക്കും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.
ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.